സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ യുവതാരം സാം കോണ്‍സ്റ്റാസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ്. ആദ്യദിനത്തിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്ര ഉസ്മാന്‍ ഖവാജയെ പുറത്താക്കിയതിന് ശേഷം നടന്ന സംഭവമാണ് ഓസീസ് കോച്ചിനെ പ്രകോപിപ്പിച്ചത്.
ഖവാജ സമയം കളയുന്നതായി ബുമ്രയ്ക്ക് തോന്നിയപ്പോള്‍ നോണ്‍ സ്ട്രക്കര്‍ എന്‍ഡില്‍ നിന്നും കോണ്‍സ്റ്റാസ് ഇടപെട്ട് ബുമ്രയോട് എന്തോ പറഞ്ഞിരുന്നു. തുടര്‍ന്ന് ബുമ്രയും കോണ്‍സ്റ്റാസിനോട് ചീറിയെടുക്കുകയും അമ്പയര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഖവാജയെ പുറത്താക്കിയ ബുമ്രയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഒന്നടങ്കം കോണ്‍സ്റ്റാസിന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഈ പ്രവര്‍ത്തി കോണ്‍സ്റ്റാസിനെ ഭയപ്പെടുത്തിയെന്നും അദ്ദേഹത്തിനെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ഓസീസ് കോച്ച് പറയുന്നു. എന്നാല്‍ ഐസിസി ഇതുവരെയും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും മക്‌ഡൊണാള്‍ഡ് പറയുന്നു.