ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ കോലി ഐപിഎല്ലിലും ശരാശരി പ്രകടനം മാത്രമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ 2023 സീസണിൽ തൻ്റെ പഴയകാല നിലവാരത്തിലേക്ക് മാറിയ കോലിയെയാണ് കാണുന്നത്. സ്പിന്നിനെതിരെ അല്പം ദൗർബല്യം പ്രകടിപ്പിക്കുന്നുവെങ്കിലും കോലിയിലെ ഈ മാറ്റത്തെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഐപിഎല്ലിൽ താരം തുടരെ മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ കോലി 2016 ആവർത്തിക്കുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. 2016ലെ ഐപിഎൽ സീസണിൽ 81.08 ശരാശരിയിൽ 152 എന്ന മികച്ച സ്ട്രൈക്ക്റേറ്റിൽ 973 റൺസായിരുന്നു താരം അടിച്ചെടുത്തത്. അതിന് മുൻപോ അതിന് ശേഷമോ കോലിയുടെ പ്രകടനത്തിനടുത്തെത്താൻ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല. ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ 82*,21,61,50 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാത്രം 2500 റൺസെന്ന നേട്ടവും ഈ ഐപിഎൽ സീസണിൽ താരം സ്വന്തമാക്കിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ 22ആം അർധസെഞ്ചുറിയായിരുന്നു കോലി കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ കുറിച്ചത്.