Indian Team for Champions Trophy 2025: ചാംപ്യന്‍സ് ട്രോഫി ടീമില്‍ ജഡേജയ്ക്കു സ്ഥാനമില്ല, നായകന്‍ രോഹിത് തന്നെ; ഷമി തിരിച്ചെത്തുമോ?
ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ തന്നെയാകും ഇന്ത്യയെ നയിക്കുക
Champions Trophy India Squad: ഫെബ്രുവരി 19 നു പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനം നടത്താനുള്ള അവസാന തിയതി ജനുവരി 12 ആണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇതോടൊപ്പം പ്രഖ്യാപിക്കും.
ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ തന്നെയാകും ഇന്ത്യയെ നയിക്കുക. വിരാട് കോലിയും ടീമില്‍ ഇടം പിടിക്കും. ജസ്പ്രിത് ബുംറയ്ക്കായിരിക്കും ഉപനായകസ്ഥാനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബുംറ കളിച്ചില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഉപനായകസ്ഥാനം ലഭിക്കും. അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉണ്ടാകും. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും മുഹമ്മദ് ഷമി ചാംപ്യന്‍സ് ട്രോഫി കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക യശസ്വി ജയ്‌സ്വാള്‍ ആയിരിക്കും. ശുഭ്മാന്‍ ഗില്‍ ബാക്കപ്പ് ഓപ്പണര്‍ ആയിരിക്കും. രവീന്ദ്ര ജഡേജയ്ക്കു ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനമുണ്ടാകില്ല. അക്‌സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍. പേസ് ഓള്‍റൗണ്ടര്‍ ബാക്കപ്പായി നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ സ്ഥാനം പിടിക്കും. റിഷഭ് പന്ത് ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഉണ്ടാകും.
സാധ്യത സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്/കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി / മായങ്ക് യാദവ്