ടി20 ലോകകപ്പിൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നായിരുന്നു ബാബർ അസമിൻ്റെ നേതൃത്വത്തിലിറങ്ങുന്ന പാക് നിര. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ടീം അനായാസമായി സെമിയിൽ കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്‌വെക്കെതിരെയും തോറ്റതോടെ പാകിസ്ഥാൻ്റെ ലോകകപ്പ് പ്രതീക്ഷകളെല്ലാം തന്നെ അസ്തമിച്ച മട്ടാണ്.
എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ വിജയിച്ചുകൊണ്ട് പാകിസ്ഥാന് തിരിച്ചുവരാൻ പറ്റും. എന്നാൽ പാകിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ ചിരവൈരികളായ ഇന്ത്യ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ടതായി വരും. ലോകകപ്പിൽ മുന്നേറാനുള്ള പാക് സാധ്യതകൾ ഇങ്ങനെയാണ്.
ഇനി നടക്കാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ വിജയിക്കണം. എന്നാൽ ഇത് മാത്രം പോര ഇനി നടക്കുന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിക്കേണ്ടതും പാകിസ്ഥാൻ്റെ ആവശ്യമാണ്. അതേസമയം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങൾ ഇനിയുള്ള 2 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യ,പാകിസ്ഥാൻ, നെതർലൻഡ്സ് എന്നിവർകെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരങ്ങൾ. സിംബാബ്‌വെയ്ക്ക് ഇന്ത്യ, ബംഗ്ലാദേശ്,നെതർലൻഡ്സ് എന്നീ രാജ്യങ്ങൾക്കെതിരെയും ഇനി മത്സരങ്ങളുണ്ട്.