ക്രിക്കറ്റ് കളത്തിലെ വെടിക്കെട്ട് പ്രകടനങ്ങളുടെ പേരിൽ ആരാധകരുടെ പ്രിയ താരമാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. എന്നാൽ ക്രിസ് ഗെയ്ൽ ഈയിടെ നടത്തിയ പ്രസ്ഥാവനയിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വെസ്റ്റിൻഡീസിനായും ഐ പി എല്ലിൽ ബാംഗ്ലൂരിനായും നിരവധി സ്ഫോടനാത്മകമായ ഇന്നിങ്സുകൾ കളിച്ചിട്ടുള്ള താരം ഒരിടത്ത് നിന്നും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസ്വാന്‍സി ടി20 സൂപ്പര്‍ ലീഗിൽ ജോസി സ്റ്റാർസെന്ന ഫ്രാഞ്ചൈസിക്ക് കീഴിലാണ് ഗെയ്ൽ അവസാനമായി കളിച്ചിരുന്നത്. എന്നാൽ ടീമിനായി കളിച്ച ആറ് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തതിനാൽ ഗെയ്ൽ ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. ഇതിനേ തുടർന്നാണ് ഗെയിലിന്റെ പുതിയ വെളിപ്പെടുത്തൽ.
ലോകത്ത് വിവിധഭാഗങ്ങളിലായി പല ടീമുകൾക്കുമായി കളിച്ചിട്ടുള്ള അനുഭവം വെച്ച് പറയുന്നതാണ് രണ്ടോ,മൂന്നോ മത്സരങ്ങളിൽ പ്രകടനം മോശമായാൽ ക്രിസ് ഗെയ്ൽ ടീമിനാകെ ബാധ്യതയാകുന്ന അവസ്ഥയാണ്. ഈ ടീമിന്റെ മാത്രം കാര്യമല്ലിത്. റൺസെടുത്തില്ലെങ്കിൽ ഗെയ്ൽ ഒറ്റയയാളാണ് ടീമിന്റെ തോൽവികൾക്ക് പിന്നില്ലെന്ന് തോന്നും. പിന്നീട് കടുത്ത വിമർശനങ്ങൾ ഉയരും. ടീമിന് താൻ നൽകിയ സംഭാവനകൾ ആരും ഓർമിക്കുന്നില്ലെന്നും അർഹമായ ബഹുമാനം ആരും നൽകുന്നില്ലെന്നും ഗെയ്ൽ പറയുന്നു.