ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല ഐപിഎല്‍ അടക്കം ലോകത്തെ ഒട്ടേറെ ടി20 ലീഗുകളിലും ഗില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത, ആര്‍സിബി, പഞ്ചാബ് ടീമുകള്‍ക്കായാണ് താരം കളിച്ചത്. 2021ല്‍ മുംബൈക്കെതിരെയാണ് താരം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ആ സീസണില്‍ പഞ്ചാബിനായി കളിച്ച താരം സീസണ്‍ പകുതിയില്‍ വെച്ച് ഫ്രാഞ്ചൈസി വിട്ടിരുന്നു.
ഇപ്പോഴിതാ അന്ന് ഫ്രാഞ്ചൈസി വിടാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗെയ്ല്‍. പഞ്ചാബ് ടീമില്‍ താന്‍ അപമാനിക്കപ്പെട്ടെന്നാണ് ഗെയ്ല്‍ പറയുന്നത്. ലീഗിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയും ഫ്രാഞ്ചൈസിക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്ത കളിക്കാരനാണ് ഞാന്‍. എന്നിട്ടും എനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയത് പോലെ തോന്നി. ഒരു കുട്ടിയെ പോലെയാണ് എന്നെ അവര്‍ കണ്ടത്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ വിഷാദത്തിലേക്ക് വീഴുകയാണെന്ന് തോന്നി. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗെയ്ല്‍ പറഞ്ഞു.
പണത്തേക്കാള്‍ പ്രധാനം നമ്മുടെ മാനസികമായ ആരോഗ്യമാണ്. അനില്‍ കുംബ്ലെയെ വിളിച്ച് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. അവിടെ നിന്നാല്‍ കൂടുതല്‍ പ്രസ്‌നമാകുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് കുംബ്ലെയെ വിളിച്ച് നേരിട്ട് സംസാരിക്കുന്നത്. ഞാന്‍ തകര്‍ന്നു പോയിരുന്നു. ഞാന്‍ കരഞ്ഞു. കുംബ്ലെയോടും അന്ന് ആ ഫ്രാഞ്ചൈസി പ്രവര്‍ത്തിച്ചിരുന്ന രീതിയിലും നിരാശ തോന്നി. അന്ന് കെ എല്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍. ടീമില്‍ നില്‍ക്കുകയാണെങ്കില്‍ അടുത്ത കളി കളിക്കാമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ആശംസകള്‍ നേര്‍ന്ന് ബാഗ് ചെയ്ത് ഇറങ്ങുകയാണ് ഞാന്‍ ചെയ്തത്. ഗെയ്ല്‍ പറഞ്ഞു.