ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ അധിക തീരുവ ഇനിയും ഉയര്‍ത്തുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും നല്‍കുന്നതിനിടെ പുതിയ മാര്‍ക്കറ്റുകള്‍ തേടിയുള്ള ശ്രമം ശക്തമാക്കി ഇന്ത്യ. യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ത്ത് യൂറോപ്പിലേക്കുള്ള വ്യാപാരം ശക്തമാക്കാനാണ് ഇന്ത്യന്‍ നീക്കം. ഇതിനായുള്ള സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ വെച്ച് നടക്കും. ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമരൂപം നല്‍കാനാണ് നീക്കം.
അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ കാര്‍ഷികം, വ്യാപാരം എന്നീ ചുമതലകള്‍ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആഴ്ച തന്നെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വ്യാപാര കമ്മീഷണറായ മാരോസ് സെഫ്‌കോവിച്ചും കാര്‍ഷിക കമ്മീഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെനുമാണ് ഇന്ത്യ സന്ദര്‍സിക്കുക. ഇവര്‍ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍, കാര്‍ഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കരാര്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്ന് ലഭിക്കും. നേരത്തെ യുക്രെയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യ ഒപ്പ് വെച്ചിരുന്നു. യൂറോപ്യന്‍ വിപണി കൂടി തുറന്ന് ലഭിച്ചാല്‍ അമേരിക്കന്‍ തീരുവ മൂലമുള്ള പ്രതിസന്ധിയില്‍ നിന്നും വലിയ ആശ്വാസമാകും ഇന്ത്യയ്ക്ക് ലഭിക്കുക. സാങ്കേതിക കൈമാറ്റങ്ങളും എളുപ്പമാകും എന്നതിനാല്‍ തന്നെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാനും ഇത് കാരണമാകും.