മലിംഗയുടെത് നോബോള്‍, ഷോട്ട് കളിക്കരുതെന്ന് ജഡേജ ഠാക്കൂറിനോട് പറഞ്ഞു; ആരോപണവുമായി ചെന്നൈ ആരാധകര്‍

വെള്ളി, 17 മെയ് 2019 (17:34 IST)
ഐപിഎല്‍ ആവേശത്തില്‍ നിന്നും ലോകകപ്പ് ആരവങ്ങളിലേക്ക് ക്രിക്കറ്റ് ലോകം മാറിയെങ്കിലും മുംബൈ ഇന്ത്യന്‍‌സില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന തോല്‍‌വിയുടെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍.

സിഎസ്‌കെയുടെ ഫാന്‍‌സ് ഗ്രൂപ്പുകളില്‍ ലസിംത് മലിംഗ എറിഞ്ഞ അവസാന ഓവറും ചെന്നൈയുടെ ഒരു റണ്‍ തോല്‍‌വിയും ഇപ്പോഴും ചര്‍ച്ചയാകുന്നുണ്ട്. മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും അവസാന പന്തില്‍ ഒരു റണ്‍ നേടാനാകാതെ വന്നതോടെയാണ് മുംബൈ പന്ത്രണ്ടാം സീസണ്‍ ഐ പി എല്‍ കിരീടം സ്വന്തമാക്കിയത്.

അതേസമയം, ഫൈനല്‍ മത്സരത്തിന്റെ റിസള്‍ട്ട് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്നതാണെന്നും മലിംഗയുടെ ലാസ്‌റ്റ് ബോള്‍ നോ ബോള്‍ ആയിരുന്നുവെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വ്യക്തമാക്കുന്നത്.

ബോള്‍ എറിയുമ്പോള്‍ മലിംഗയുടെ കാ‍ല്‍ ക്രീസ് ലൈന് പുറത്തായിരുന്നു. ബാറ്റ്‌സ്‌മാനായ ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പാഡില്‍ പന്ത് തട്ടിയതോടെ മലിംഗ അപ്പീല്‍ ചെയ്‌തു. ഉടന്‍തന്നെ നോ ബോള്‍ പോലും പരിശോധിക്കാതെ അമ്പയര്‍ ഔട്ട് വിളിച്ചു. ദൃശ്യങ്ങളില്‍ മലിംഗയുടെ കാല്‍ ലൈനിന് പുറത്താണെന്ന് വ്യക്തമായിരുന്നുവെന്നും  ചെന്നൈ ആരാധകര്‍ വാദിക്കുന്നു.

മികച്ച ഷോട്ട് കളിക്കാന്‍ ശേഷിയുള്ള ഠാക്കൂറിനെ കൊണ്ട് അങ്ങനെയൊരു ഷോട്ട് കളിപ്പിക്കാന്‍ പ്രേരിപ്പിച്ചത് നോള്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ ആയിരുന്നുവെന്ന ആരോപണവും ശക്തമാണ്.

പന്ത് ഉയര്‍ത്തി അടിക്കരുതെന്ന് അവസാന ബോളിന് മുമ്പ് ജഡേജ ഠാക്കൂറിനെ അറിയിച്ചു. ഇതോടെയാണ് വമ്പന്‍ ഷോട്ട് കളിക്കാന്‍ ശേഷിയുള്ള ഷാര്‍ദൂലിന് മോശം ഷോട്ട് കളിക്കേണ്ടി വന്ന് എല്‍ ബി യില്‍ കുടുങ്ങി പുറത്താകേണ്ടി വന്നതെന്നും ആരാധകര്‍ പറയുന്നു. മത്സരഫലം മുന്‍‌കൂട്ടി നിശ്ചയിച്ചതിനാലാണ് ഈ നീക്കങ്ങളെല്ലാം നടന്നതെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോകകപ്പില്‍ 500റണ്‍സ് പിറക്കുമോ ?; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു - ഭയം ഇംഗ്ലണ്ടിനെ!