പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ലെജന്‍ഡ്‌സ് ലീഗില്‍ പാകിസ്ഥാനെതിരെ കളിക്കാതിരിക്കുകയും അതേസമയം ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പാകിസ്ഥാന്‍ മുന്‍ ബൗളറായ ഡാനിഷ് കനേരിയ. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കില്‍ പിന്നെന്തിനാണ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രശ്‌നമുണ്ടാക്കിയതെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഡാനിഷ് കനേരിയ ചോദിച്ചു.
സെപ്റ്റംബര്‍ 14നാണ് ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ താല്പര്യം കാരണം ഇന്ത്യന്‍ കളിക്കാര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ബഹിഷ്‌കരിച്ചു. എന്നിട്ടിപ്പോള്‍ പാകിസ്ഥാനുമായി ഏഷ്യാകപ്പ് കളിക്കാന്‍ പോകുന്നു. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ കുഴപ്പമില്ലായിരുന്നുവെങ്കില്‍ ഡബ്യുസിഎല്ലിലും കുഴപ്പം പാടില്ലായിരുന്നു. സൗകര്യത്തിനനുസരിച്ച് രാജ്യസ്‌നേഹത്തിന്റെ കാര്‍ഡിറക്കരുത്. കായികം കായികമായിരിക്കട്ടെ. പ്രചരണായുധമാക്കരുത്.ഡാനിഷ് കനേരിയ എക്‌സില്‍ കുറിച്ചു.
8 ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്ഥാനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറില്‍ യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച 2 ടീമുകളാകും ഫൈനലില്‍ കളിക്കുക.