സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരെഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആദ്യ ദിനം അവസാനിപ്പിക്കുമ്പോള്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 465 റണ്‍സെടുത്തിട്ടുണ്ട്. 264 റണ്‍സുമായി നായകന്‍ വിയാന്‍ മുള്‍ഡറും 15 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസില്‍. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററെന്ന നേട്ടവും മുള്‍ഡര്‍ സ്വന്തമാക്കി. ഗ്രഹാം ഡൗളിംഗ്, ശിവ്‌നാരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍.
സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ തന്നെ ഓപ്പണര്‍മാരായ ടോണി ഡി സോഴ്‌സി(10), ലെസേഗോ സെനോക്വാനെ(3) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന മുള്‍ഡര്‍- ബെഡിങ്ഹാം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 82 റണ്‍സുമായി ബെഡിങ്ഹാം മികച്ച പിന്തുണയാണ് മുള്‍ഡറിന് നല്‍കിയത്. പിന്നാലെ ക്രീസിലെത്തിയ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസും തകര്‍ത്തടിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തിയത്. ഇതിനിടെ മുള്‍ഡര്‍ ഇരട്ടസെഞ്ചുറിയും പൂര്‍ത്തിയാക്കി. 259 പന്തില്‍ നിന്നും 34 ഫോറുകളും 3 സിക്‌സുകളും അടക്കം 264 റണ്‍സാണ് മുള്‍ഡര്‍ നേടിയത്. പ്രിട്ടോറിയസ് 87 പന്തില്‍ 78 റണ്‍സെടുത്താണ് മടങ്ങിയത്.