Select Your Language

Notifications

webdunia
webdunia
webdunia
webdunia

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

Sachin Tendulkar Desert Storm

അഭിറാം മനോഹർ

, വ്യാഴം, 24 ഏപ്രില്‍ 2025 (14:42 IST)
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. സച്ചിന്റെ 24 വര്‍ഷം നീണ്ട് നിന്ന കരിയറിലെ പല അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഇന്ന് ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് കായിക പ്രേമികള്‍ വിലയിരുത്തിയ മത്സരമാണ് 1998ല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍ നടന്ന കൊക്കകോള കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ സെഞ്ചുറി. പിന്നീട് ഷാര്‍ജയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ട ഇന്നിങ്‌സ്. വെറും ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിന്നും സച്ചിനെ ഇതിഹാസമാക്കി ഉയര്‍ത്തിയ ഇന്നിങ്‌സ്.
 
1998ലെ ഒരു ഏപ്രില്‍ 24നായിരുന്നു ഐതിഹാസികമായ ആ ഇന്നിങ്‌സിന്റെ പിറവി.ഇന്ത്യ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ എന്നിവര്‍ ഏറ്റുമുട്ടിയ ഷാര്‍ജ കപ്പില്‍ ഫൈനലില്‍ ഇന്ത്യക്ക് എതിരാളിയായുള്ളത് ശക്തരായ ഓസീസ്.ലോക ഒന്നാം നമ്പര്‍ ടീമായ ഓസീസിനെ തോല്‍പ്പിക്കുക എന്നത് അത്രയും പ്രയാസമേറിയതായ സമയം. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 272 റണ്‍സെടുത്തു. അന്നത്തെ കാലത്തെ വമ്പന്‍ ടോട്ടല്‍ തന്നെയായിരുന്നു അത്. 
 
ഷെയ്ന്‍ വോണ്‍ അടക്കമുള്ള ബൗളിങ് നിരക്ക് എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്ന ടോട്ടല്‍. എന്നാല്‍ ഷാര്‍ജയില്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്നു സച്ചിന്‍.അതിന് രണ്ടുദിവസം മുമ്പ് (ഏപ്രില്‍ 22ന്) ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു.അന്ന് ആ മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യ തോറ്റെങ്കിലും ന്യൂസിലന്‍ഡിനും ഒരേ പോയിന്റ് ആയതിനാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലില്‍ കയറുകയായിരുന്നു.
 
ഫൈനല്‍ മത്സരവും സെമി ഫൈനല്‍ മത്സരവും സച്ചിന്റെ ഒറ്റയാന്‍ പ്രകടനങ്ങളായിരുന്നു. ഫൈനലില്‍ 134 റണ്‍സെടുത്ത സച്ചിന്റെ ബലത്തില്‍ മണല്‍ക്കാറ്റിനെയും ഷെയ്ന്‍ വോണ്‍, ഡാനിയന്‍ ഫ്ളെമിങ്, മൈക്കല്‍ കാസ്പറോവിച്ച് എന്നിവരുടെ മാരക ബൗളിങ്ങിനെയും കീഴടക്കി ഇന്ത്യന്‍ വിജയം. നിര്‍ണായകമായതാവട്ടെ സെമിയില്‍ ഓസീസിനെതിരെയുള്ള സച്ചിന്റെ 143 റണ്‍സ് പ്രകടനവും ഫൈനലിലെ 134 റണ്‍സ് പ്രകടനവും.
 
ഇന്നും ആ മത്സരങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് പിന്നീട് സ്പിന്‍ മാന്ത്രികനായ ഷെയ്ന്‍ വോണ്‍ പ്രതികരിച്ചത്. വീണ്ടും ഒരു പിറന്നാള്‍ ദിനം കൂടി വന്നെടുക്കുമ്പോള്‍ ഷാര്‍ജയിലെ ആ പ്രകടനത്തിനും ഒരു വയസ്സേറുകയാണ്. ആ കൊടുങ്കാറ്റ് പിറന്നതും ഒരു പിറന്നാള്‍ ദിനത്തില്‍ ആയിരുന്നല്ലോ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: ഇന്ന് തോറ്റാൽ രാജസ്ഥാന് എല്ലാം മറക്കാം, പെട്ടിയുമെടുത്ത് തിരിച്ചുപോരാം,