Rajasthan Royals: ഇന്ന് തോറ്റാൽ രാജസ്ഥാന് എല്ലാം മറക്കാം, പെട്ടിയുമെടുത്ത് തിരിച്ചുപോരാം,
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായകമത്സരം.
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായകമത്സരം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ഇന്ന് രാജസ്ഥാന് വിജയിച്ചേ തീരു. രാത്രി 7:30ന് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആകെ കളിച്ച 8 കളികളില്‍ 4 പോയന്റുകള്‍ മാത്രമുള്ള രാജസ്ഥാന്‍ നിലവില്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 8 കളികളില്‍ അഞ്ച് വിജയവുമായി ആര്‍സിബിക്ക് ഇന്ന് വിജയിക്കാനായാല്‍ ആദ്യ 3 സ്ഥാനങ്ങളിലെത്താനായി സാധിക്കും.
സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും വിജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടി ഒഴിവാക്കാനാകും ആര്‍സിബി ഇന്ന് കളിക്കാനിറങ്ങുക. അതേസമയം കയ്യിലിരുന്ന 2 മത്സരങ്ങള്‍ അവസാനം കൈവിട്ട രാജസ്ഥാന് നായകന്‍ സഞ്ജു സാംസണിന്റെ പരിക്കും തലവേദനയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനായി കളിച്ചിരുന്നില്ല.
സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് തന്നെയാകും രാജസ്ഥാനെ നയിക്കുക. ബൗളിംഗ് നിര ശക്തമാണെങ്കിലും മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന് സാധിക്കാത്തതാണ് ആര്‍സിബിയുടെ ആശങ്ക. മധ്യനിരയും ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. രാജസ്ഥാനാകട്ടെ മികച്ച തുടക്കം ലഭിച്ചും മുതലാക്കാനാവാത്ത മധ്യനിരയാണ് ബാധ്യതയായി മാറുന്നത്. കഴിഞ്ഞ 2 മത്സരങ്ങളിലും ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ധ്രുവ് ജുറലിന്റെയും ഹെറ്റ്‌മെയറിന്റെയും ദയനീയ പ്രകടനങ്ങളായിരുന്നു.