ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനായ എം എസ് ധോനിക്ക് ആദരസൂചകമായി ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച് ബിസിസിഐ. ഏഴാം നമ്പര്‍ ജേഴ്‌സി മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടിത്തന്ന നായകന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ധോനി വിരമിച്ച് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.
നേരത്തെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജേഴ്‌സി നമ്പറും ഇതുപോലെ മറ്റാര്‍ക്കും നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. സച്ചിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമയിരിക്കുകയാണ് ധോനി. സച്ചിന്‍ വിരമിച്ചതിന് ശേഷം ഇന്ത്യയുടെ പേസര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ കരിയറിന്റെ തുടക്കക്കാലത്ത് പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചിരുന്നു. എന്നാല്‍ ഇത് ചര്‍ച്ചകള്‍ക്കിടയാക്കിയതോടെയായിരുന്നു പത്താം നമ്പര്‍ ജേഴ്‌സിയില്‍ മറ്റാരെങ്കിലും കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്.
ജൂലായ് ഏഴിനായിരുന്നു ധോനിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായിരുന്നതിനെ തുടര്‍ന്നായിരുന്നു ധോനി ഏഴാം നമ്പര്‍ ജേഴ്‌സി തിരെഞ്ഞെടുത്തത്. 2004ലായിരുന്നു ഇന്ത്യന്‍ ടീമില്‍ ധോനിയുടെ അരങ്ങേറ്റം.