Virat Kohli: കോലിയുടെ ആംഗ്യം വിടപറച്ചില്‍ സൂചനയല്ല, അഡ്‌ലെയ്ഡിനുള്ള നന്ദി
അഡ്‌ലെയ്ഡ് ഗ്രൗണ്ടിലെ ആരാധകര്‍ക്കു നന്ദിയായാണ് കോലി ഗ്ലൗസ് ഉയര്‍ത്തി അഭിവാദ്യം നല്‍കിയത്
Virat Kohli: അഡ്‌ലെയ്ഡില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനു പുറത്തായ വിരാട് കോലി ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ കാണികളെ നോക്കി അഭിവാദ്യം അര്‍പ്പിച്ചത് എന്തിനായിരിക്കും? കൈയിലെ ഗ്ലൗസ് ഊരിയ ശേഷം അത് ഉയര്‍ത്തിയാണ് താരം കാണികളെ അഭിവാദ്യം ചെയ്തത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് കോലി ഈ അഭിവാദ്യം കൊണ്ട് അര്‍ത്ഥമാക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അടക്കം കരുതി. എന്നാല്‍ കോലിയുടെ ഈ 'ആംഗ്യം' വിടപറച്ചില്‍ സൂചനയല്ല, മറിച്ച് നന്ദി പറച്ചിലാണ്.
അഡ്‌ലെയ്ഡ് ഗ്രൗണ്ടിലെ ആരാധകര്‍ക്കു നന്ദിയായാണ് കോലി ഗ്ലൗസ് ഉയര്‍ത്തി അഭിവാദ്യം നല്‍കിയത്. കോലിക്കു ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടുകളില്‍ ഒന്നാണ് അഡ്‌ലെയ്ഡ്. ടെസ്റ്റിലും ഏകദിനത്തിലുമായി അഞ്ച് സെഞ്ചുറികളാണ് കോലി അഡ്‌ലെയ്ഡില്‍ നേടിയിരിക്കുന്നത്. അഡ്‌ലെയ്ഡില്‍ മാത്രം 17 ഇന്നിങ്‌സുകളില്‍ നിന്ന് 975 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. ഇനി ഇന്ത്യക്കായി അഡ്‌ലെയ്ഡില്‍ കളിക്കാന്‍ കോലിക്ക് അവസരം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് തനിക്കു പ്രിയപ്പെട്ട ഗ്രൗണ്ടിനോടു ഹൃദയഭേദകമായ രീതിയില്‍ കോലി വിടപറഞ്ഞത്.
പുറത്തായ ശേഷം ഡ്രസിങ് റൂമിലേക്ക് കയറി പോകുമ്പോല്‍ കോലി അതീവ നിരാശനായിരുന്നു. ഈ സമയത്താണ് കൈയിലെ ഗ്ലൗസ് ഉയര്‍ത്തി കാണികളെ കോലി അഭിവാദ്യം ചെയ്തത്. കാണികളുടെ മുഖത്ത് പോലും താരം നോക്കിയിട്ടില്ല. ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനം കളിക്കാന്‍ താനുണ്ടാകില്ലെന്ന് കോലിക്ക് ഉറപ്പുണ്ട്. പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന ഇന്നിങ്‌സ് കഴിഞ്ഞു മടങ്ങുമ്പോള്‍ കാണികളെ അഭിവാദ്യം ചെയ്യുകയാണ് കോലി ഈ ആംഗ്യം കൊണ്ട് ഉദ്ദേശിച്ചത്. മാത്രമല്ല കോലി പൂജ്യത്തിനു പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ കാണികള്‍ അടക്കം താരത്തിനു സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കി. ഇതിനുള്ള നന്ദി സൂചകമായി കൂടിയാണ് കോലിയുടെ അഭിവാദ്യം.