ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കാനിരിക്കെ പരമ്പരയിലെ ഇന്ത്യൻ സാധ്യതകളെ പറ്റി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ്. കഴിഞ്ഞ തവണ ചേതേശ്വർ പൂജാര നടത്തിയ പ്രകടനത്തിന് സമാനമായി ഏതെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാന് കളിക്കാനാവുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ സാധ്യതകളെന്നാണ് ദ്രാവിഡ് പറയുന്നത്.
2018-19ൽ നിന്നും വ്യത്യസ്‌തമായി കരുത്തരായ ഓസീസ് നിരയെയാണ് ഇക്കുറി ഇന്ത്യ നേരിടുന്നത്. ഇന്ത്യൻ ബൗളർമാരെ സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഓസീസിന്റെ 20 വിക്കറ്റുകൾ വീഴ്‌ത്തുക എന്നത് അത്ര ബുദ്ധിമുട്ടേറിയ ഒന്നാകില്ല. എന്നാൽ പരമ്പരയിൽഉടനീളം നിന്ന് അഞ്ഞൂറിലധികം റണ്‍സടിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍ ടീമിലുണ്ടോ, ഈ ചോദ്യത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ കുതിപ്പെന്ന് ദ്രാവിഡ് വ്യക്തമാക്കി.
അതേസമയം ഓസീസ് നിരയിൽ സ്മിത്തോ വാർണറോ നങ്കൂരമിടുകയാണെങ്കിൽ ഇന്ത്യയുടെ ആധിപത്യം നഷ്ടമാകുമെന്ന മുന്നറിയിപ്പും ദ്രാവിഡ് നൽകുന്നു.ഡിംസബര്‍ 17ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ മത്സരം. രാത്രിയും പകലുമായാണ് ആദ്യ ടെസ്റ്റ് നടക്കുക.