ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ചതോടെ ആവേശകരമായ രീതിയിലാണ് ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുന്നത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിതമായ തോല്‍വിയില്‍ നിന്നും കരകയറിയ ഇന്ത്യ ആധികാരികമായ വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇരട്ടസെഞ്ചുറിയോടെ തിളങ്ങിയ യശ്വസി ജയ്‌സ്വാളും രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്രയും അശ്വിനും ബൗളിംഗില്‍ തിളങ്ങി.
ഇപ്പോളിതാ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍.മൂന്നാം ടെസ്റ്റില്‍ വിരാട് കോലിയും മുഹമ്മദ് ഷമിയുമടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുക എന്നത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു. വിജയത്തിന്റെ വഴിയിലെത്തിയ ഇന്ത്യയെ പേടിക്കണം. പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയിച്ചത്. കോലി,ഷമി,കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ജസ്പ്രീത് ബുമ്രയുടെ പന്തുകളാണ് ഇംഗ്ലണ്ടിന് വലിയ നാശമുണ്ടാക്കുന്നതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഈ മാസം 15ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക. റാഞ്ചിയിലും ധരംശാലയിലുമാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍.