ഇന്ത്യയുടെ ലിമിറ്റഡ് ഓവറിലെ ഇതിഹാസതാരങ്ങളാണെങ്കിലും സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്ന വാര്‍ത്ത പല തവണ ക്രിക്കറ്റ് ലോകത്ത് നിന്നും പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായെന്നും ഇന്ത്യന്‍ ടീമില്‍ തന്നെ കോലിയേ പിന്തുണയ്ക്കുന്ന സംഘവും രോഹിത്തിനെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്നും വാര്‍ത്തകളൂണ്ടായിരുന്നു.
രോഹിത് ശര്‍മ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായകനായി മാറിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായതായി ഒട്ടേറെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയും ഗോസിപ്പുകളെയുമെല്ലാം കാറ്റിലെറിയുന്ന കാഴ്ചയായിരുന്നു ഏഷ്യാകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ കാണാനായത്. ലങ്കന്‍ ഇന്നിങ്ങ്‌സിന്റെ 26ആം ഓവറില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ പറന്നുപിടിച്ചപ്പോള്‍ പിന്നാലെ ഓടിയെത്തിയ കോലി രോഹിത്തിനെ മാറത്തണച്ചാണ് ആഘോഷപ്രകടനം നടത്തിയത്. കോലി ആരാധകരെയും രോഹിത് ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നതായിരുന്നു ഈ രംഗം.
അതിന് മുന്‍പ് കുല്‍ദീപ് യാദവ് സമീര സമരവിക്രമയുടെ വിക്കറ്റെടുത്തപ്പോഴും അഭിനന്ദിക്കാനായി ഓടിയെത്തിയ കോലി രോഹിത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇരുതാരങ്ങളും ഒരുമിച്ചുള്ള ഈ നിമിഷങ്ങള്‍ ടീമിന് തന്നെ പോസിറ്റീവ് ഊര്‍ജമാണ് നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. ഇരു താരങ്ങളും തമ്മില്‍ ഒത്തൊരുമയോടെ കളിച്ചാല്‍ മറ്റ് ടീമുകള്‍ക്ക് ലോകകപ്പില്‍ ഇന്ത്യയെ പിടിച്ചുനിര്‍ത്തുക എളുപ്പമാകില്ലെന്നും ആരാധകര്‍ പറയുന്നു.