ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇന്ത്യയുടെ അനായാസകരമായ വിജയം പ്രതീക്ഷിച്ചവരാണ് ആരാധകരെല്ലാം തന്നെ. ശക്തരായ പാകിസ്ഥാനെ 228 റണ്‍സിന് തകര്‍ത്തുകൊണ്ട് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് തെളിയിച്ച ഇന്ത്യന്‍ നിരയ്ക്ക് ശ്രീലങ്ക ഒരിക്കലും ഒരു വെല്ലുവിളിയാകില്ലെന്നാണ് കണക്കാക്കിയിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും സ്‌കോര്‍ ഉയര്‍ത്തിയതോടെ ഇന്ത്യയുടെ ലങ്കാ ദഹനമാകും നടക്കുക എന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്റെ കയ്യില്‍ പന്ത് ലഭിച്ചപ്പോള്‍ തന്നെ ചിത്രം തകിടം മറിഞ്ഞു.80 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 91 റണ്‍സിനിടെ ടീമിലെ മുന്‍നിരതാരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയും നഷ്ടമായി. 10 ഓവര്‍ പൂര്‍ത്തിയാക്കിയ ദുനിത് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വിരാട് കോലി,രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ താരം കടപുഴക്കി.
ഇന്ത്യയും ശ്രീലങ്കയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി പങ്കുവെച്ച 2002ലായിരുന്നു ദുനിത് വെല്ലാലഗെയുടെ ജനനം. 2022 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ കൂടിയായ താരം ശ്രീലങ്കയ്ക്കായി വൈകാതെ ടെസ്റ്റിലും അരങ്ങേറ്റം നടത്തി. അണ്ടര്‍ 19 ലോകകപ്പിന് പിന്നാലെ തന്നെ മിസ്റ്ററി സ്പിന്നര്‍ എന്ന തരത്തില്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ താരത്തെ പ്രകീര്‍ത്തിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ തന്റെ മാറ്റ് താരം തെളിയിച്ചത് ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ നേടിയ ഫൈഫര്‍ പ്രകടനത്തോടെ.
ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18 വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങുന്ന താരമായിരുന്നു കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍. ലോകകപ്പില്‍ 17 വിക്കറ്റുകള്‍, 264 റണ്‍സും സ്‌കോര്‍ ചെയ്ത താരം രാജകീയമാണ് തന്റെ വരവറിയിച്ചത്. ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കോലി, രോഹിത്, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ വിജയിക്കാനായാല്‍ ദുനിത് വെല്ലാലഗെയെ വീണ്ടും ഇന്ത്യ നേരിടേണ്ടി വരും. അങ്ങനെ സംഭവിക്കുമ്പോള്‍ വെല്ലാലഗെയ്‌ക്കെതിരെ എന്ത് മറുപടിയാകും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുണ്ടാക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.