ഭാവിയില്‍ മെച്ചപ്പെടുമെന്ന് നായകന്‍ വിരാട് കോഹ്‌ലി പ്രത്യാശ പുലര്‍ത്തിയിട്ടും അതിന്റെയൊരു സൂചനയും യുവതാരം ഋഷഭ് പന്തില്‍ നിന്നും കാണാനാകുന്നില്ല. നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിയുന്ന പന്തിന്റെ ശീലത്തിന് കുറവില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ആ കാഴ്‌ച ആരാധകര്‍ കണ്ടു.
വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രമാണ് പന്തില്‍ നിന്നും മികച്ചൊരു ഇന്നിംഗ്‌സ് കണ്ടത്. ആദ്യ രണ്ട് മത്സരങ്ങളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ധോണിയുടെ പിന്‍ഗാമിയെന്ന ലേബലുള്ള പന്ത്.
യുവതാരത്തിന്റെ ഈ പ്രകടനം ടീം മാനേജ്‌മെന്റിനെ പുതിയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. നിര്‍ണായകമായ നാലാം നമ്പറില്‍ മലയാളി താരം ശ്രേയസ് അയ്യരെ പരീക്ഷിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുമെന്നതാണ് ശ്രേയസിന് നേട്ടമാകുന്നത്.
ഏകദിനത്തില്‍ ശ്രേയസിന്‍റെ ബാറ്റിംഗ് റെക്കോര്‍ഡ് പന്തിനേക്കാള്‍ മികച്ചതാണ്. എട്ട് ഏകദിനങ്ങളില്‍ 46.83 ശരാശരിയില്‍ 281 റണ്‍സ് ശ്രേയസിനുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേസമയം 11 ഏകദിനങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 25.44 ശരാശരിയില്‍ 229 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം.
ശ്രേയസ് നാലാമത് ഇറങ്ങുമ്പോള്‍ ഫിനിഷറുടെ റോള്‍ മാത്രം പന്തിന് നല്‍കിയാല്‍ മതിയെന്നാണ് വിമര്‍ശകരും ആരാധകരും ഒരേ സ്വരത്തില്‍ പറയുന്നത്. ശ്രേയസിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന വാദവും ഇതോടെ ശക്തമായി.