വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍.
നിര്‍ണായ ഘട്ടത്തില്‍ ഋഷഭ് പന്തിനെ നാലാത് ഇറക്കിയ കോഹ്‌ലിയുടെ നടപടിയും, മികച്ച ഒരു ഇന്നിംഗ്‌സ് ആവശ്യമുള്ളപ്പോള്‍ യുവതാരം പരാജയപ്പെട്ടതുമാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.
“ടോപ് ത്രീ ബാറ്റ്‌സ്‌മാന്മാരായ ധവാന്‍, രോഹിത്, കോഹ്‌ലി എന്നിവര്‍ 40-45 ഓവര്‍ വരെ ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ പന്തിനെ നാലാം നമ്പറില്‍ ഇറക്കാവൂ. ഋഷഭ് മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍, 30 - 35 ഓവറുകളില്‍ നാലാമന്‍ ക്രീസില്‍ എത്തേണ്ടിവന്നാല്‍ പന്തിനേക്കാള്‍ മികച്ച ഓപ്‌ഷന്‍ ശ്രേയസ് അയ്യരാണ്”
“മധ്യനിരയില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ താരത്തിനാകും. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അതാണ് സംഭവിച്ചത്. ലഭിച്ച അവസരം ശ്രേയസ് മുതലാക്കി“ - എന്നും ഗവാസ്‌കര്‍ പറഞ്ഞു.
ധവാനും രോഹിത്തും അതിവേഗം മടങ്ങിയതിന് പിന്നാലെ നാലാമനായി പന്തിനെ ക്രീസില്‍ എത്തിച്ചതാണ് ഗവാസ്‌കറുടെ എതിര്‍പ്പിന് കാരണമായത്. പന്ത് അഞ്ചാമതും ശ്രേയസ് നാലാമതും ഇറങ്ങുമെന്നാണ് മത്സരത്തിന് മുമ്പ് കോഹ്‌ലി പറഞ്ഞത്. എന്നാല്‍, ഗ്രൌണ്ടില്‍ മറിച്ചാണ് സംഭവിച്ചത്.
വിക്കറ്റ് കാത്ത് സൂക്ഷിച്ച് കളിക്കേണ്ട സമയത്ത് 35 പന്തില്‍ 20 റണ്‍സെടുത്ത് ബ്രാത്ത്‌വെയ്‌റ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു പന്ത്. ഇതോടെയാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവാസ്‌കര്‍ എത്തിയത്.