ട്വന്റി 20 ലോകകപ്പ്: ആദ്യ ആഴ്ചയിലെ ഫ്‌ളോപ്പ് 11 ഇതാ, ഇന്ത്യയില്‍ നിന്ന് ഒരു താരം
ഫ്‌ളോപ്പ് ഇലവനില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ താരം കെ.എല്‍.രാഹുലാണ്
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. കുട്ടി ക്രിക്കറ്റില്‍ അതികായരെന്ന് വിശേഷിപ്പിക്കപ്പെട്ട പല താരങ്ങളും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ആദ്യ വാരത്തില്‍ കണ്ടത്. അങ്ങനെ നിരാശപ്പെടുത്തിയ താരങ്ങളെ വെച്ച് ഒരു ഇലവന്‍ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ആദ്യ വാരത്തിലെ ഫ്‌ളോപ്പ് 11 ഇതാ..
1. ജോസ് ബട്‌ലര്‍
വെടിക്കെട്ട് ബാറ്ററാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ടി 20 ലോകകപ്പിനു മുന്‍പ് മികച്ച ഫോമിലുമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 18 റണ്‍സ്, ശരാശരി ഒന്‍പത് !
2. ഡേവിഡ് വാര്‍ണര്‍
കഴിഞ്ഞ ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ടായിരുന്നു ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇത്തവണ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയിരിക്കുന്നത് വെറും 16 റണ്‍സ് മാത്രം.
3. കെ.എല്‍.രാഹുല്‍
ഫ്‌ളോപ്പ് ഇലവനില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ താരം കെ.എല്‍.രാഹുലാണ്. പാക്കിസ്ഥാനെതിരെ നാല് റണ്‍സും നെതര്‍ലന്‍ഡ്‌സിനെതിരെ ഒന്‍പത് റണ്‍സുമാണ് രാഹുലിന്റെ സമ്പാദ്യം. ഇന്ത്യന്‍ ആരാധകര്‍ രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
4. മിച്ചല്‍ മാര്‍ഷ്
വന്‍ പ്രതീക്ഷകളോടെ ഓസ്‌ട്രേലിയ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ താരമാണ് മിച്ചല്‍ മാര്‍ഷ്. എന്നാല്‍ ലോകകപ്പില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും താരം നിരാശപ്പെടുത്തി.
5. തെംബ ബാവുമ
ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് ദക്ഷിണാഫ്രിക്ക നായകന്‍ തെംബ ബാവുമ. അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്‌സുകള്‍ എടുത്താല്‍ ഒന്നില്‍ പോലും രണ്ടക്കം കാണാന്‍ ബാവുമയ്ക്ക് സാധിച്ചിട്ടില്ല.
6. ബാബര്‍ അസം
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം സമ്പൂര്‍ണ പരാജയമാണ് ലോകകപ്പിലെ ആദ്യ വാരത്തില്‍. ഇന്ത്യക്കെതിരെ റണ്‍സൊന്നും എടുക്കാതെ പുറത്തായപ്പോള്‍ താരതമ്യേന ദുര്‍ബലരായ സിംബാബ്വെയുമായുള്ള മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായി.
7. ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് വെറും എട്ട് റണ്‍സാണ് താരം നേടിയിരിക്കുന്നത്.
8. ക്രിസ് വോക്‌സ്
ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഇന്‍സ്വിങ്ങറുകള്‍ കൊണ്ട് എതിരാളികളെ വട്ടം കറക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്. എന്നാല്‍ ഈ ലോകകപ്പില്‍ നിരാശപ്പെടുത്തിക്കൊണ്ടാണ് വോക്‌സിന്റെ തുടക്കം.
9. പാറ്റ് കമ്മിന്‍സ്
ന്യൂസിലന്‍ഡിനെതിരായ കളിയില്‍ നാല് ഓവറില്‍ 46 റണ്‍സാണ് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് വിട്ടുകൊടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ താരം നന്നായി റണ്‍സ് വിട്ടുകൊടുത്തു.
10. വനിന്ദു ഹസരംഗ
ശ്രീലങ്കയുടെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഹസരംഗ. എന്നാല്‍ ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ താരം പരാജയപ്പെടുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ കണ്ടത്.
11. ഷഹീന്‍ ഷാ അഫ്രീദി
പേസിനെ തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്തുമെന്ന് എല്ലാവരും കരുതിയ താരമാണ് പാക്കിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദി. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ സാധിക്കുന്ന ബൗളര്‍മാരില്‍ ഒരാളായിരുന്നു ആദ്യ വാരത്തില്‍ അഫ്രീദി.