നിങ്ങളുടെ എല്ലാ മസാലകളും നിര്‍ത്തിക്കോ..! ഒന്നിച്ചെത്തി ഗംഭീറും കോലിയും; പരസ്പരം പുകഴ്ത്തലോടു പുകഴ്ത്തല്‍
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കോലി നേടിയ 183 റണ്‍സിന്റെ ഇന്നിങ്‌സ് ഒരു ഇന്ത്യന്‍ താരം കളിച്ച ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സാണെന്ന് ഗംഭീര്‍ പറഞ്ഞു
Gautam Gambhir and Virat Kohli
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗൗതം ഗംഭീറും വിരാട് കോലിയും ഒന്നിച്ചുള്ള സംഭാഷണം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്റര്‍വ്യുവിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്നത്. ഗംഭീറും കോലിയും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലല്ലെന്ന മാധ്യമ ഗോസിപ്പുകളുടെ മുനയൊടിച്ചുകൊണ്ടാണ് ഇരുവരും സംസാരം ആരംഭിച്ചത്.
' ഞങ്ങള്‍ ഇതാ ഒന്നിച്ചെത്തിയിരിക്കുന്നു. എല്ലാ മസാല കഥകള്‍ക്കും എരിവും പുളിയുമുള്ള ഗോസിപ്പുകള്‍ക്കും ഇതോടെ അവസാനമാകട്ടെ' എന്നാണ് കോലി ചിരിച്ചുകൊണ്ട് ആദ്യമേ പറയുന്നത്. ഒരു സംഭാഷണം തുടങ്ങാന്‍ എന്തുകൊണ്ടും നല്ലത് ഇങ്ങനെ തന്നെയാണെന്ന് ഗംഭീര്‍ കോലിക്ക് മറുപടി നല്‍കുന്നുണ്ട്. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്താന്‍ മത്സരിക്കുകയാണ്.
കളിക്കിടെ ഗ്രൗണ്ടില്‍ ഉണ്ടാകാറുള്ള ശീതയുദ്ധങ്ങളെ കുറിച്ച് കോലി ഗംഭീറിനോടു ചോദിച്ചു. ' ഇക്കാര്യത്തില്‍ ഫീല്‍ഡില്‍ എന്നേക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ നിങ്ങള്‍ക്കല്ലേ' എന്നായിരുന്നു ഗംഭീര്‍ കോലിക്ക് മറുപടി നല്‍കിയത്. വിദേശ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ കോലി കാണിച്ചിരുന്ന പോരാട്ടവീര്യത്തെ ഗംഭീര്‍ പുകഴ്ത്തി. ടെസ്റ്റില്‍ വളരെ കരുത്തുറ്റ ബൗളിങ് യൂണിറ്റിനെ സൃഷ്ടിച്ചതിന്റെ എല്ലാ ക്രെഡിറ്റും കോലിക്ക് ആണെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കോലി നേടിയ 183 റണ്‍സിന്റെ ഇന്നിങ്‌സ് ഒരു ഇന്ത്യന്‍ താരം കളിച്ച ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സാണെന്ന് ഗംഭീര്‍ പറഞ്ഞു.