കഴിഞ്ഞ ദിവസമാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് മുന്‍പ് മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ടീം പ്രഖ്യാപനം. പ്രധാനമായും വിക്കറ്റ് കീപ്പിംഗ് താരമായി ആരെ തിരെഞ്ഞെടുക്കണം ആരായിരിക്കണം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്നിവയെ പറ്റിയായിരുന്നു ചര്‍ച്ചകളെല്ലാം.
സീനിയര്‍ താരമെന്ന നിലയിലും ഇന്ത്യന്‍ നായകനായി മുന്‍ പരിചയമുള്ളതിനാലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പേരാണ് ഉപനായകസ്ഥാനത്തേക്ക് പരിശീലകനായ ഗൗതം ഗംഭീര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ അഗാര്‍ക്കറും രോഹിത്തും ഈ തീരുമാനത്തെ അനുകൂലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് ഇരുവരും മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ താരമായി സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ താത്പര്യം കാണിച്ചെങ്കിലും ഈ നീക്കത്തെയും രോഹിത്തും അഗാര്‍ക്കറും ചേര്‍ന്ന് തടഞ്ഞു.
സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും ടീമിന് ആവശ്യം ഫിനിഷിംഗ് റോളില്‍ കൂടി തിളങ്ങാനാകുന്ന താരത്തെയാണെന്നുമാണ് ഇതിന് കാരണമായി ഇരുവരും ചൂണ്ടിക്കാണിച്ചത്. ലിമിറ്റഡ് ഓവറില്‍ സഞ്ജുവിന് പന്തിനേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പന്ത് ടീമില്‍ വേണമെന്ന കാര്യത്തില്‍ രോഹിത് ഉറച്ച് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.