Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ
4 വിക്കറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വിജയിച്ചാൽ 3-1ന് പരമ്പര നഷ്ടപ്പെടുമെന്ന നാണക്കേടാണ് ഇന്ത്യൻ ടീമിൻ്റെ തലയ്ക്ക് മുകളിലുണ്ടായിരുന്നത്.
ഒരു നോളൻ സിനിമയെ വെല്ലുന്ന നാടകീയതകളും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ്. പരമ്പരയിലെ അവസാന മത്സരത്തിൽ വിജയം തൊട്ടുമുന്നിൽ നിന്ന ഇംഗ്ലണ്ടിനെയാണ് ഇന്ത്യൻ ബൗളർമാർ അപ്രതീക്ഷിതമായി അടിയറവ് പറയിച്ചത്. അവസാന ദിനം വിജയിക്കാൻ വെറും 35 റൺസ് മാത്രമായിരുന്നു ഓവലിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. 4 വിക്കറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വിജയിച്ചാൽ 3-1ന് പരമ്പര നഷ്ടപ്പെടുമെന്ന നാണക്കേടാണ് ഇന്ത്യൻ ടീമിൻ്റെ തലയ്ക്ക് മുകളിലുണ്ടായിരുന്നത്.
സമീപകാലത്ത് ഓസ്ട്രേലിയക്കെതിരെയും ന്യൂസിലൻഡിനെതിരെയും ദയനീയമായി പരമ്പരകൾ കൈവിട്ട ഇന്ത്യയ്ക്ക് ഇനിയും ഒരു നാണക്കേട് താങ്ങാനാവാത്ത അവസ്ഥയായിരുന്നു. പ്രത്യേകിച്ച് അങ്ങനൊരു തോൽവി ടെസ്റ്റിൽ ഗൗതം ഗംഭീറിൻ്റെ കോച്ചിങ് കരിയർ തന്നെ ഇല്ലാതെയാക്കുമായിരുന്നു. എന്നാൽ അവസാന ദിനം ഒരു ബീസ്റ്റിനെ പോലെ കളിച്ച മുഹമ്മദ് സിറാജിൻ്റെ മാജിക്കൽ സ്പെല്ലും പ്രസിദ്ധ് കൃഷ്ണയുടെ പിന്തുണയും ഒത്തുവന്നതോടെ 6 റൺസിൻ്റെ അവിസ്മരണീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ ഒരു വിക്കറ്റിൻ്റെ മാത്രം ദൂരം ബാക്കിനിൽക്കെ അതിൻ്റെ മുഴുവൻ ടെൻഷനും ഇന്ത്യൻ കോച്ചായ ഗൗതം ഗംഭീറിൻ്റെയും സഹപരിശീലകരുടെയും മുഖത്ത് വ്യക്തമായിരുന്നു. ഒടുവിൽ മുഹമ്മദ് സിറാജിൻ്റെ യോർക്കറിൽ ഗസ് അറ്റ്കിൻസൻ്റെ ഓഫ്സ്റ്റമ്പ് ഇളകിയപ്പോൾ ആവേശം അടക്കാനാവാത്ത ഗംഭീറിനെയാണ് കാണാനായത്. സഹപരിശീലകർക്കൊപ്പം തുള്ളിച്ചാടിയ ഗംഭീർ ബൗളിംഗ് പരിശീലകനായ മോർണി മോർക്കലിൻ്റെ ദേഹത്തേക്ക് ആവേശം അടക്കാനാവാതെ ചാടുകയും ചെയ്തു.
ഇതിനിടെ ഗംഭീറിൻ്റെ കണ്ണിൽ നിന്നും ആനന്ദകണ്ണീരും പ്രകടമായിരുന്നു. മത്സരം വിജയിച്ച നായകൻ ശുഭ്മാൻ ഗില്ലിനെയും രവീന്ദ്ര ജഡേജയേയുമെല്ലാം ആവേശത്തോടെയാണ് ഗംഭീർ വരവേറ്റത്. ചാമ്പ്യൻസ് ട്രോഫി വിജയത്തിലും എന്തിന് ലോകകപ്പ് നേട്ടത്തിൽ പോലും ഇത്രയും ആവേശത്തിമർപ്പിൽ ഗംഭീറിനെ കണ്ടിട്ടില്ലെന്നാണ് ആരാധകരും പയുന്നത്. ഗംഭീറിൽ നിന്നും ഇങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചതല്ലെന്ന് സഹപരിശീലകനായ മോർണി മോർക്കലും അഭിപ്രായപ്പെട്ടു.