Kohli- Siraj: ടീമിന് വേണ്ടി സിറാജ് എല്ലാം നൽകിയെന്ന് കോലി, വിശ്വസിച്ചതിന് നന്ദിയെന്ന് സിറാജ്, ഈ കോംബോ വേറെ ലെവലെന്ന് സോഷ്യൽ മീഡിയ
തീര്‍ച്ചയായും സിറാജ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ടീമിനായി അവന്‍ എല്ലാം നല്‍കി. സിറാജിന്റെ വിജയത്തില്‍ വലിയ സന്തോഷമുണ്ട്.
തിങ്കളാഴ്ച ഓവലില്‍ അവസാനിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയം നേടിയതില്‍ ഇന്ത്യന്‍ പേസറും മുന്‍ സഹതാരവുമായിരുന്ന മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓവല്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റിലാണ് മത്സരത്തിലെ സിറാജിന്റെ നിശ്ചയദാര്‍ഡ്യത്തെ കോലി പ്രശംസിച്ചത്.
ടീം ഇന്ത്യയ്ക്ക് ഇതൊരു മഹത്തായ വിജയമാണ്.മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷണയുടെയും നിശ്ചയദാര്‍ഡ്യവും സ്ഥിരോത്സഹവുമാണ് ടീമിന് മഹത്തായ വിജയം നേടിതന്നത്. തീര്‍ച്ചയായും സിറാജ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ടീമിനായി അവന്‍ എല്ലാം നല്‍കി. സിറാജിന്റെ വിജയത്തില്‍ വലിയ സന്തോഷമുണ്ട്. എന്നായിരുന്നു എക്‌സിലെ വിരാട് കോലിയുടെ പോസ്റ്റ്. ഇതിന് മറുടിയായി പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്. എന്റെ കഴിവില്‍ വിശ്വസിച്ചതിന് നന്ദി ഭയ്യാ എന്നാണ് മുഹമ്മദ് സിറാജ് കുറിച്ചത്.
എക്‌സിലെ താരങ്ങളുടെ ഈ സൗഹൃദത്തെ ആരാധകരും ഉടനെ തന്നെ ഏറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യയ്ക്ക് യാതൊരു സാധ്യതയും ഇല്ലാതിരുന്ന ഘട്ടത്തില്‍ നിന്നും കളി തിരിച്ചത് മുഹമ്മദ് സിറാജിന്റെ നിര്‍ണായകമായ സ്‌പെല്ലുകളായിരുന്നു. ഒരു ഘട്ടത്തിലും തോല്‍വി സമ്മതിക്കരുതെന്ന് സിറാജിനെ പഠിപ്പിച്ചത് കോലിയാണെന്നും കോലി സ്‌കൂളിന്റെ ഗുണം അത് സിറാജിലുണ്ടെന്നും ആരാധകര്‍ പറയുന്നു. ആര്‍സിബിയിലായിരുന്നത് മുതല്‍ മുഹമ്മദ് സിറാജിന് കോലി നല്‍കിയ പിന്തുണയും ആരാധകര്‍ എടുത്തുപറയുന്നുണ്ട്.