ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റശേഷം ഒരു ഐസിസി കിരീടം സ്വന്തമാക്കി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് പരിശീലകനായ ഗൗതം ഗംഭീര്‍. ഏകദിനത്തിന് പുറമെ ടി20യിലും ഇന്ത്യ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീമിനെ മാറ്റിമറിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗംഭീര്‍.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനും ടെസ്റ്റ് ഫോര്‍മാറ്റില്‍ യുവനിരയെ കെട്ടിപ്പടുക്കാനുമായി ഇന്ത്യന്‍ എ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഗംഭീര്‍.വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ടെസ്റ്റില്‍ സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ത്യന്‍ ടീം. അതിനാല്‍ തന്നെ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനാണ് ഗംഭീറിന്റെ ശ്രമം. ഇന്ത്യന്‍ എ ടീമിനൊപ്പം പോകുമ്പോള്‍ യുവതാരങ്ങളുമായി അടുത്ത് ഇടപഴകാനും ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കാനും ഗംഭീറിന് സമയം ലഭിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്‌തേക്കാന്‍ സാധ്യതയേറെയാണ്.