ചാമ്പ്യന്‍സ് ട്രോഫിയില്‍ നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്‍ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ വെച്ചാണ് നടന്നത്. ഇത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി എന്ന മുറുമുറുപ്പുകള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും കൊണ്ട് ഈ വിജയത്തെ താഴ്ത്തിക്കെട്ടാനാകില്ല. ഒരു ടീം എന്ന നിലയില്‍ പൊരുതിവിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഈ വിജയത്തില്‍ അതിലും പ്രധാനമായത് ടൂര്‍ണമെന്റിന് മുന്‍പുണ്ടായ ടീം സെലക്ഷന്‍ തന്നെയായിരുന്നു.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പേസ് യൂണിറ്റ് ശക്തിപ്പെടുത്താതെ പരിക്കില്‍ നിന്നും മോചിതനായെത്തിയ മുഹമ്മദ് ഷമിയെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍മാരായി മാത്രം 5 താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ടീം സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നു. ആദ്യം ടീമില്‍ ഉണ്ടായിരുന്ന യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കി അവസാന നിമിഷമാണ് മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്തിയത്. ടീം പരാജയപ്പെട്ടാല്‍ കോച്ച് എന്ന തന്റെ സ്ഥാനം പോലും തെറിക്കാം എന്ന നിലയിലാണ് ഗംഭീര്‍ വരുണിനായി വാദിച്ചത്.
ഇതിന് പുറമെ നായകന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും താത്പര്യം കാണിച്ച റിഷഭ് പന്തിനെ ഫസ്റ്റ് വിക്കറ്റ് കീപ്പറാക്കാനും ഗംഭീര്‍ സമ്മതിച്ചില്ല. കെ എല്‍ രാഹുല്‍ തന്നെയാകണം ഫസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന് ഗംഭീര്‍ ശാട്യം പിടിച്ചു. ഇടം കൈയ്യന്‍ ബാറ്റര്‍ കൂടിയായ അക്ഷര്‍ പട്ടേലിനെ അഞ്ചാം സ്ഥാനത്തേക്ക് പ്രമോഷന്‍ നല്‍കിയതും ഇന്ത്യയെ തുണച്ചു. എട്ടാമനായി രവീന്ദ്ര ജഡേജ ബാറ്റിംഗിന് ഇറങ്ങുന്നു എന്നത് തന്നെ ഇന്ത്യന്‍ ബാറ്റിംഗിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
ഇവര്‍ക്കൊപ്പം തന്നെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയ്ക്ക് തുണയായി. ഒന്നോ രണ്ടോ താരങ്ങളില്‍ മാത്രം വിശ്വസിക്കാതെ ഒരൊറ്റ യൂണിറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ പ്രകടനം. താരങ്ങള്‍ക്കെല്ലാം തങ്ങളുടേതായ സംഭാവന ടീമിന് നല്‍കാനായി എന്നതും ഒരു വലിയ മാറ്റമായി.