Gujarat Titans: സൂര്യ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല; മുംബൈയെ തോല്‍പ്പിച്ച് ഗുജറാത്ത് ഫൈനലില്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി
Gujarat Titans: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലിലെത്തുന്നത്. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഗുജറാത്ത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഗുജറാത്തിന്റെ എതിരാളികള്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 18.2 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈയ്ക്ക് വേണ്ടി. സൂര്യകുമാര്‍ യാദവ് (38 പന്തില്‍ 61), തിലക് വര്‍മ (14 പന്തില്‍ 43), കാമറൂണ്‍ ഗ്രീന്‍ (20 പന്തില്‍ 30) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഗുജറാത്തിന്റെ പടുകൂറ്റന്‍ സ്‌കോറിന് അടുത്തെത്താന്‍ പോലും സാധിച്ചില്ല. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ 2.2 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. സൂര്യകുമാര്‍ യാദവിനെ നിര്‍ണായക സമയത്ത് ബൗള്‍ഡ് ആക്കിയത് മോഹിത് ശര്‍മയാണ്. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. വെറും 60 പന്തില്‍ ഏഴ് ഫോറും പത്ത് സിക്‌സും സഹിതം ഗില്‍ 129 റണ്‍സ് നേടി. 49 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറി തികച്ചത്. ഈ സീസണിലെ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്. 32 പന്തില്‍ നിന്നാണ് ഗില്‍ ഫിഫ്റ്റി നേടിയത്. അടുത്ത 50 റണ്‍സ് നേടാന്‍ ഗില്ലിന് വേണ്ടി വന്നത് വെറും 17 പന്തുകള്‍ മാത്രം. തുടക്കം മുതല്‍ വളരെ കരുതലോടെയാണ് ഗില്‍ ബാറ്റ് ചെയ്തത്. ടീം ടോട്ടല്‍ 100 കടന്നതോടെ ഗില്‍ മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്.