ഇന്ത്യയുടെ ഏകദിന ടീം നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ നീക്കി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്.രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും നീക്കിയത് ഞെട്ടിച്ചെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
ഗില്ലിന് അഭിനന്ദനങ്ങള്‍. ടെസ്റ്റില്‍ മികച്ച ക്യാപ്റ്റന്‍സിയാണ് ഗില്‍ കാഴ്ചവെച്ചത്. ഇപ്പോള്‍ ഏകദിനത്തിലും ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ഗില്ലിലേക്ക് വരുന്നു. തീര്‍ച്ചയായും ഗില്ലിന് ഇതൊരു പുതിയ വെല്ലുവിളിയാണ്. രോഹിത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി എന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാരണം വൈറ്റ്‌ബോളില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ഹര്‍ഭജന്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ കീഴില്‍ നമ്മള്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതേയുള്ളു. മറ്റ് ടൂര്‍ണമെന്റുകളിലും മികവ് കാണിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണുകളില്‍ ഒന്നാണ്‍ രോഹിത്. ഒരു അവസരം രോഹിത്തിന് നല്‍കണമായിരുന്നു. 2027 ലോകകപ്പാണ് ചിന്തയെങ്കില്‍ ശുഭ്മാന് അത് വളരെ ഏറെയാണ്. ഗില്ലിനെ നായകനാക്കാന്‍ ഇനിയും സമയമുണ്ടായിരുന്നു. രോഹിത്തിനെ ക്യാപ്റ്റനാകാത്തത് എന്നെ നിരാശപ്പെടുത്തുന്നു.
രോഹിത്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ നായകനാക്കി സെലക്ട് ചെയ്യണമായിരുന്നു. കാരണം ഇന്ത്യയ്ക്കായി രോഹിത് ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതേയുള്ളു. ശുഭ്മാന് ഇനിയും സമയം ബാക്കിയുണ്ട്. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു.