ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുലിന്റെ ബാക്കപ്പ് കീപ്പറായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണമെന്നായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു.
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അവസാന ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സഞ്ജുവിന് എന്തുകൊണ്ടാണ് വീണ്ടും അവസരം നല്‍കാത്തതെന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്. ധ്രുവ് ജുറലിനേക്കാള്‍ സഞ്ജുവിനായിരുന്നു പരിഗണന നല്‍കേണ്ടിയിരുന്നതെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജുവിനോട് സെലക്ടര്‍മാര്‍ കാണിച്ചത് നീതികേടാണ്. ഓരോ തവണയും അവനെ ടീമില്‍ നിന്നും മാറ്റുന്നതിന് ഓരോ കാരണമാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ചിലപ്പോള്‍ അവനെ ഓപ്പണറാക്കും. ചിലപ്പോള്‍ അഞ്ചാം നമ്പറില്‍ ഇറക്കും. ചിലപ്പോള്‍ ഏഴാമനോ എട്ടാമനോ ആക്കും. ഒരാഴ്ച മുന്‍പ് സഞ്ജുവിനെ അഞ്ചാം നമ്പറില്‍ പരീക്ഷിക്കുമെന്ന് പറഞ്ഞത് ഈ സെലക്ടര്‍ തന്നെയാണ്. എങ്ങനെയാണ് ജുറല്‍ പെട്ടെന്ന് കയറിവന്നതെന്ന് മനസിലാകുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ പ്ലെയിങ് ഇലവനില്‍ കളിച്ചാലും ഇല്ലെങ്കില്‍ സഞ്ജുവിനായിരുന്നു പരിഗണന നല്‍കേണ്ടിയിരുന്നത്. ശ്രീകാന്ത് പറഞ്ഞു.