ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കിടയാക്കിയ മങ്കാദിങ് വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. നോൺസ്ട്രൈക്കറെ റണ്ണൗട്ട് ആക്കുന്നത് സംബന്ധിച്ച ബഹളങ്ങൾ ഒഴിവാക്കണം. അതൊരു നിയമമാണ്. അത്രയെ ഉള്ളു. കളിയുടെ സ്പിരിറ്റ് എന്നതൊന്നും വിഷയമല്ല. ഞാൻ ക്രീസിന് പുറത്ത് നിൽക്കെ റണ്ണൗട്ടാക്കിയാൽ അതെൻ്റെ തെറ്റാണ്. എനിക്കതിൽ പ്രശ്നമില്ല. ഹാർദിക് പറഞ്ഞു.
അതേസമയം മറ്റ് താരങ്ങളോടുള്ള താരതമ്യങ്ങൾ ഓവർ റേറ്റഡാണെന്നും ഹാർദിക് പറയുന്നു. ഞാൻ എവിടെ ബാറ്റ് ചെയ്യുന്നുവെന്ന് നോക്കുക. ടോപ് 3,4ൽ ബാറ്റ് ചെയ്യുന്നവരിലാണ് മാച്ച് അപ്പ് നോക്കാനാവുക. ചില മത്സരങ്ങളിൽ ഞാൻ ഒരു ബൗളർക്കെതിരെ കൂടുതൽ റൺസ് നേടേണ്ടതായി വരും. എന്നാൽ സാഹചര്യം അതാവശ്യപ്പെടുന്നില്ലെങ്കിൽ എൻ്റെ ടീമിനെ പ്രതികൂലമായി ബാധിക്കുമെങ്കിൽ ആ റിസ്ക് ഞാൻ എടുക്കില്ല.
ടി20 ക്രിക്കറ്റിൽ താരതമ്യങ്ങൾ ഓവർ റേറ്റഡാണ്. ഏകദിനത്തിലും ടെസ്റ്റിലും അതിൽ കാര്യമുണ്ടായേക്കാം എന്നാൽ ടി20യിൽ അതിൽ വിശ്വസിക്കുന്നില്ല. താരതമ്യങ്ങളിൽ ഞാൻ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല. ഹാർദിക് പറഞ്ഞു.