ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിന് മുന്‍പ് വിരാട് കോലിയും സ്റ്റീവ് സ്മിത്തുമടക്കമുള്ള തലമുറയ്ക്ക് ശേഷം ആരാകും ക്രിക്കറ്റ് ലോകം ഭരിക്കുക എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന് ഉത്തരമായി ഹാരി ബ്രൂക്ക്, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളുടെ പേരാണ് ക്രിക്കറ്റ് ലോകം നല്‍കിയത്. സ്റ്റീവ് സ്മിത്തടക്കം നിരവധി പേര്‍ ഹാരി ബ്രൂക്കായിരിക്കും ഭാവിയിലെ വലിയ താരമെന്ന് പ്രവചിക്കുകയും ചെയ്തു. അതിനാല്‍ തന്നെ ഇത്തവണത്തെ ഐപിഎല്‍ ബ്രൂക്കിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രതിഭയുടെ ഉരക്കല്ലായിരുന്നു.
എന്നാല്‍ വമ്പന്‍ വിലയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കിയ താരം ആദ്യ മത്സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ പിച്ചുകളില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഐപിഎല്ലിലെ നാലാം മത്സരത്തില്‍ സെഞ്ചുറി നേടികൊണ്ട് ഹാരി ബ്രൂക്ക് ഹൈദരാബാദിന് വലിയ പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ആ ഒരൊറ്റ മത്സരത്തിന് ശേഷം വീണ്ടും തുടര്‍ച്ചയായി താരം നിരാശപ്പെടുത്തുകയായിരുന്നു. ഐപിഎല്‍ സീസണിലെ സെഞ്ചുറി കൂടി ഉള്‍പ്പെടുത്തി ആകെ 11 ഇന്നിങ്ങ്‌സില്‍ നിന്നും 190 റണ്‍സ് മാത്രമാണ് ഹാരി ബ്രൂക്ക് ഈ സീസണില്‍ നേടിയത്. 13.25 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. അതേസമയം ശുഭ്മാന്‍ ഗില്ലാകട്ടെ ഐപിഎല്ലിലെ 14 ഇന്നിങ്ങ്‌സില്‍ നിന്നും 56.67 ശരാശരിയില്‍ 680 റണ്‍സാണ് ഈ സീസണില്‍ നേടിയത്. ഇതില്‍ 2 സെഞ്ചുറി പ്രകടനങ്ങളും ഉള്‍പ്പെടുന്നു.