Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ
പൊതുവെ സൗമ്യനായ ജോ റൂട്ടിനെയാണ് കലിപ്പനായി കാണാനായത്. ഇന്ത്യന്‍ ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുമായാണ് ജോ റൂട്ട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.
Prasidh Krishna- Joe Root
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാനത്തോട് അടുക്കും തോറും കളിക്കളത്തില്‍ കളിക്കാര്‍ തമ്മില്‍ വാക്കുകളുമായി പോരാടുന്ന തരത്തില്‍ വാശിയേറിയ ഒന്നായി അത് മാറിയിരുന്നു. മൂന്നാം ടെസ്റ്റില്‍ തുടങ്ങി താരങ്ങളുടെ ഏറ്റുമുട്ടിന് ഓവല്‍ ടെസ്റ്റിലും അവസാനമില്ല. ഇത്തവണ പക്ഷേ കളിക്കളത്തില്‍ പൊതുവെ സൗമ്യനായ ജോ റൂട്ടിനെയാണ് കലിപ്പനായി കാണാനായത്. ഇന്ത്യന്‍ ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുമായാണ് ജോ റൂട്ട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ മികച്ച സ്‌പെല്ലിന് പിന്നാലെയാണ് ജോ റൂട്ടുമായി താരം ഉടക്കിയത്. ഇതിനെ പറ്റി മത്സരശേഷം പ്രസിദ്ധ് കൃഷ്ണ പ്രതികരിക്കുകയും ചെയ്തു.
കളിയില്‍ ഇതെല്ലാം സ്വാഭാവികമാണ്.ഞങ്ങള്‍ ഇരുവരും ഗ്രൗണ്ടിന് പുറത്ത് സുഹൃത്തുക്കളാണ്. ഇതൊരു ശത്രുതാ മനോഭാവമല്ല കളിക്കളത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.ഞാന്‍ ഇങ്ങനൊരു ബൗളറാണ്. ഒരു 2 വിക്കറ്റ് കൂടി ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ. പ്രസിദ്ധ് പറഞ്ഞു. അതേസമയം റൂട്ടില്‍ നിന്നും ഇങ്ങനൊരു പ്രതികരണം താന്‍ പ്രതീക്ഷിച്ചില്ലെന്നും പ്രസിദ്ധ് വ്യക്തമാക്കി.
റൂട്ട് ഒരു ലെജന്‍ഡറി കളിക്കാരനാണ്. രണ്ട് പേരും വിജയിക്കാനായി കളിക്കുമ്പോള്‍ മത്സരത്തില്‍ ഇങ്ങനെയുള്ള നിമിഷങ്ങള്‍ സംഭവിക്കുക എന്നത് സാധാരണമണെന്നാണ് ഞാന്‍ കരുതുന്നത്. പ്രസിദ്ധ് കൃഷ്ണ പറഞ്ഞു. അതേസമയം മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ട് 129 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 247 റണ്‍സെന്ന ചെറിയ സ്‌കോറിന് പുറത്തായത്. മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഇന്ത്യയ്ക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 224 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 75 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.