Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
ക്രിസ് വോക്‌സ് മൈതാനത്ത് പരിക്കേറ്റിരുന്നപ്പോള്‍ അധികറണ്‍സ് ഓടേണ്ടതില്ലെന്ന കരുണ്‍ നായരുടെ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങുന്നത്.
ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം പ്രകടനം കൊണ്ടും മൈതാനത്ത് പാലിച്ച സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പ് കൊണ്ടും കയ്യടി നേടി ഇന്ത്യന്‍ താരം കരുണ്‍ നായര്‍. മത്സരത്തില്‍ 83 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ ക്രീസിലെത്തിയ കരുണ്‍ നായരാണ് അര്‍ധസെഞ്ചുറിയോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഇതിനിടെ ക്രിസ് വോക്‌സ് മൈതാനത്ത് പരിക്കേറ്റിരുന്നപ്പോള്‍ അധികറണ്‍സ് ഓടേണ്ടതില്ലെന്ന കരുണ്‍ നായരുടെ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങുന്നത്.
കരുണ്‍ നായര്‍ അടിച്ച ഷോട്ട് ബൗണ്ടറിയില്‍ പോകുന്നത് തടയുന്നതിനായി മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്രിസ് വോക്‌സ് പന്തിന് പുറകെ പോവുകയായിരുന്നു. ബൗണ്ടറി ലൈനിലേക്ക് പാഞ്ഞ പന്ത് പിന്തുടരുന്നതിനിടെ ഇടതുകാല്‍ തെന്നി വീണാണ് വോക്‌സിന് പരിക്കേറ്റത്.വീഴ്ചയില്‍ തോളെല്ല് ഡിസ് ലൊക്കേറ്റ് ചെയ്തതായാണ് സൂചന. പന്ത് ബൗണ്ടറിയാകുന്നത് വോക്‌സ് തടഞ്ഞെങ്കിലും അടുത്തൊന്നും മറ്റ് ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത നിലയില്‍ കൂടുതല്‍ റണ്‍സ് ഓടിയെടുക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ 3 റണ്‍സ് ഓടിയെടുത്തതിന് ശേഷം നാലമത്തെ റണ്‍സിന് ശ്രമിക്കേണ്ടെന്ന നിര്‍ദേശമാണ് കരുണ്‍ നായര്‍ സഹതാരമായ വാഷിങ്ടണ്‍ സുന്ദറിന് നല്‍കിയത്.
നിരവധി പേരാണ് കരുണ്‍ നായരുടെ ഈ നടപടിയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഉയര്‍ന്ന സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പാണ് കരുണ്‍ നായര്‍ പ്രകടിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കരുണ്‍ നായര്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.