എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്
മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 12.5 ഓവറില്‍ 92 റണ്‍സിന്റെ ശക്തമായ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ട് സൃഷ്ടിച്ച ശേഷം ആകാശ് ദീപിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബെന്‍ ഡെക്കറ്റ് പുറത്തായത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ പുറത്താക്കിയ ശേഷം തോളില്‍ കൈയിട്ട് യാത്രയാക്കിയ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 12.5 ഓവറില്‍ 92 റണ്‍സിന്റെ ശക്തമായ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ട് സൃഷ്ടിച്ച ശേഷം ആകാശ് ദീപിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബെന്‍ ഡെക്കറ്റ് പുറത്തായത്.
ആകാശ് ദീപിനൊട് തന്നെ പുറത്താക്കാനാവില്ലെന്ന് മത്സരത്തിനിടെ ഡൈക്കറ്റ് പറഞ്ഞിരുന്നു. ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റ് സ്വന്തമാക്കിയ ആകാശ്ദീപ് താരത്തിന്റെ തോളില്‍ കൈയ്യിട്ടാണ് ഡ്രെസിങ് റൂമിലേക്ക് യാത്രയാക്കിയത്. ആകാശ് ദീപിന്റെ അസാധാരണമായ ഈ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കിലും ബെന്‍ ഡെക്കറ്റ് മൈതാനത്ത് പ്രതികരണമൊന്നും നടത്താതെയാണ് നടന്നുപോയത്. എന്നാല്‍ ഡെക്കറ്റിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ആകാശ് ദീപിന്റെ ഷെയ്പ്പ് തന്നെ മാറിയേനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോണ്ടിംഗ്.
ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള യാത്രയയപ്പ് ആരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നല്ല ഇടി കൊടുക്കുമായിരുന്നു.മത്സരത്തിന്റെ ലഞ്ച് ഇടവേളയില്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റിക്കി പോണ്ടിംഗ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പോയിട്ട് ഒരു പാര്‍ക്കില്‍ നടക്കുന്ന ലോക്കല്‍ കളിയില്‍ പോലും ഒരു ബൗളര്‍ ഒരു ബാറ്റര്‍ക്ക് ഇങ്ങനെ സെന്‍ഡ് ഓഫ് ചെയ്യുന്നത് കാണാനാവില്ല. ആകാശ് ദീപ് ഡക്കറ്റിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതിനോട് ബെന്‍ ഡെക്കറ്റ് പ്രതികരിച്ച രീതിയും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ ഞാനായിരുന്നെങ്കില്‍ അങ്ങനെയായിരിക്കില്ല പ്രതികരിക്കുക. റിക്കി പോണ്ടിംഗ് പറഞ്ഞു.