ന്യൂസിലന്‍ഡിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. ലോകക്രിക്കറ്റിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണെങ്കിലും ഇന്ത്യക്കാരില്‍ പലരും ഗുപ്റ്റിലിനെ ഓര്‍ക്കുന്നത് 2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ധോനിയെ പുറത്താക്കിയ റണ്ണൗട്ട് വഴിയായിരിക്കും. ഈ റണ്ണൗട്ടിന് ശേഷം ഇന്ത്യ മുഴുവന്‍ താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഗുപ്റ്റില്‍ ഇക്കാര്യം പറഞ്ഞത്.
2019ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ എം എസ് ധോനിയിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ത്രോയിലൂടെ താരം റണ്ണൗട്ടാവുകായായിരുന്നു. ഈ സംഭവത്തിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ കിട്ടുന്നത് പതിവായയെന്നാണ് ഗുപ്റ്റില്‍ അന്ന് പറഞ്ഞത്. സെമിയിലെ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമായിരുന്നു അത്. ആ സമയം എന്റെ നേര്‍ക്ക് പന്ത് വന്നപ്പൊള്‍ അതെടുത്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കി എറിയുക മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്റെ ത്രോ നേരെ സ്റ്റമ്പില്‍ കൊണ്ടു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. ഇപ്പോഴും ആ സംഭവത്തിന്റെ പേരില്‍ എനിക്ക് മെയിലുകള്‍ ലഭിക്കുന്നുണ്ട്. ഗുപ്റ്റില്‍ പറഞ്ഞു.