2027ലെ ഏകദിന ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ കളിക്കുമോ എന്ന ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോഴെല്ലാം ചര്‍ച്ചയാകാറുള്ള വിഷയമായിരുന്നു രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ്. 38കാരനായ രോഹിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നസുണ്ടോ എന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം 10 കിലോയോളം തൂക്കം കുറച്ച് ഫിറ്റയാണ് ഏകദിന ഫോര്‍മാറ്റില്‍ താരം തിരിച്ചുവരവ് നടത്തിയത്.
ഓസ്‌ട്രേലിയന്‍ പരമ്പരയിലെ താരമായി മാറിയ രോഹിത് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടത്തിന്റെ ആഘോഷസമയത്ത് കേക്ക് കഷ്ണം വേണ്ടെന്ന് പറഞ്ഞ രോഹിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിശാഖില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി പ്രകടനം നടത്തിയ യശ്വസി ജയ്‌സ്വാളാണ് കേക്ക് മുറിച്ച് കൊണ്ട് ആഘോഷമാക്കിയത്. ടീമിനൊപ്പം ഹോട്ടലിലേക്ക് മടങ്ങിയ സഹതാരങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുമ്പോള്‍ ആദ്യ കഷ്ണം ജയ്‌സ്വാള്‍ നല്‍കിയത് വിരാട് കോലിയ്ക്കായിരുന്നു. ശേഷം രോഹിത്തിന് കേക്ക് നീട്ടവെ രോഹിത് അത് തല്‍ക്ഷണം നിരസിക്കുകയായിരുന്നു. മോട്ടാ ഹോ ജൗംഗാ മൈന്‍ തപാസ് എന്നാണ് രോഹിത് പറഞ്ഞത്. ഇത് കേട്ടതും സഹതാരങ്ങളെല്ലാം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 51 പന്തില്‍ 57 റണ്‍സടിച്ച രോഹിത് ഇന്നലെ 73 പന്തില്‍ 75 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.