പാകിസ്ഥാനിലേക്ക് ടീമിനെ വിടില്ലെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. പാകിസ്ഥാനില്‍ ഇന്ത്യ കളിക്കുന്നതിനായി ഹൈബ്രിഡ് മോഡലാണ് ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ വെച്ചിട്ടുള്ളത്. ഈ നിര്‍ദേശം തള്ളികൊണ്ട് ഇന്ത്യയെ പങ്കെടുപ്പിക്കാതെ ടൂര്‍ണമെന്റ് നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നുണ്ടെങ്കിലും ശക്തമായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ തീരുമാനം ഐസിസി കൈക്കൊള്ളില്ല എന്നതുറപ്പാണ്.
അടുത്ത ഐസിസി ചെയര്‍മാനായി നിലവിലെ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായാണ് ചുമതലയേറ്റെടുക്കുന്നത്. ഇതോടെ ഐസിസി നേതൃത്വം എന്നത് തന്നെ ഇന്ത്യന്‍ താത്പര്യത്തിന് അനുസരിച്ചാണ് നീങ്ങുക എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ മത്സരങ്ങളും പാകിസ്ഥാനില്‍ തന്നെ നടത്തുമെന്ന് പിസിബിക്ക് കടും പിടുത്തം പിടിക്കുന്നത് എളുപ്പമല്ല. ഇന്ത്യ കളിക്കാത്ത സാഹചര്യത്തില്‍ ഐസിസി ടൂര്‍ണമെന്റില്‍ നിന്നും കാര്യമായ ലാഭം ഉണ്ടാക്കാനും ഐസിസിക്ക് സാധിക്കില്ല. ഇതോടെ പാകിസ്ഥാന്‍ ഹൈബ്രിഡ് മോഡല്‍ എന്ന ഐസിസി നിര്‍ദേശം തന്നെ സ്വീകരിക്കേണ്ടതായി വരും. അല്ലാത്ത പക്ഷം ദക്ഷിണാഫ്രിക്കയിലേക്ക് വേദി മാറ്റാനാണ് ഐസിസിയുടെ തീരുമാനം.