ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തിലും വിജയം നേടി പാകിസ്ഥാന്‍. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് പാകിസ്ഥാന്‍ നടത്തിയത്. സമീപകാലത്തായി ടി20യിലും ടെസ്റ്റിലുമെല്ലാം നേരിട്ട നാണക്കേടുകള്‍ കൂടി പരിഹരിക്കുന്ന തരത്തിലായിരുന്നു ഓസ്‌ട്രേലിയന്‍ മണ്ണിലെ പാകിസ്ഥാന്റെ പ്രകടനം.
ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും നസീം ഷായും അടങ്ങുന്ന പേസ് നിര പേസും ബൗണ്‍സും നിറഞ്ഞ ഓസ്‌ട്രേലിയന്‍ സാഹചര്യം മുതലെടുത്തപ്പോള്‍ 31.5 ഓവറില്‍ ഓസീസിനെ 140 റണ്‍സിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദിയും നസീം ഷായും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പൊള്‍ ഹാരിസ് റൗഫ് രണ്ടും മുഹമ്മദ് ഹസ്‌നൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ നിരയില്‍ 30 റണ്‍സുമായി ഷോണ്‍ അബോട്ടും 22 റണ്‍സുമായി മാറ്റ് ഷോര്‍ട്ടും മാത്രമാണ് തിളങ്ങിയത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം 26.5 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ പാക് ഓപ്പണിംഗ് സഖ്യം ഈ മത്സരത്തിലും മികച്ച പ്രകടനമണ് നടത്തിയത്. സൈം അയൂബ് 42 റണ്‍സും അബ്ദുള്ള ഷെഫീഖ് 37 റണ്‍സും നേടി പുറത്തായപ്പോള്‍ ബാബര്‍ അസം(28*), മുഹമ്മദ് റിസ്വാന്‍ (30*) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ടി20 ലോകകപ്പില്‍ അമേരിക്കയോട് പോലും തോറ്റ് നാണം കെട്ടാണ് പാകിസ്ഥാന്‍ മടങ്ങിയത്. ഇതിന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തം മണ്ണില്‍ പാകിസ്ഥാന്‍ കൈവിട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കികൊണ്ട് ശക്തമായി തിരിച്ചുവരാന്‍ പാകിസ്ഥാനായി. ഇതിന്റെ തുടര്‍ച്ചയായാണ് ഓസ്‌ട്രേലിയക്കെതിരായ വിജയവും. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്ഥാന്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.