ഐസിസി ഏകദിന ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ദീര്‍ഘകാലം ഒന്നം സ്ഥാനത്ത് തുടര്‍ന്ന ബംഗ്ലദേശ് താരം ഷാക്കിബ് അല്‍ ഹസനെ മറികടന്ന് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. ഒന്നാം റാങ്കിലെത്തിയതോടെ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുഹമ്മദ് നബി. 39 വയസാണ് താരത്തിനുള്ളത്.
ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഒന്നാമതും ആര്‍ അശ്വിന്‍ രണ്ടാമതുമാണ്. ഷാക്കിബ് അല്‍ ഹസനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ടി20 റാങ്കിംഗില്‍ ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. മാര്‍ക്കസ് സ്‌റ്റോയിനിസ് എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് ടി20 റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ശ്രീലങ്കക്കെതിരെ നടത്തിയ പ്രകടനമാണ് നബിയെ ഒന്നാമതെത്തിച്ചത്. നേരത്തെ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ഓള്‍ റൗണ്ടര്‍ എന്ന റെക്കോര്‍ഡ് ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്റെ പേരിലായിരുന്നു. 2015ല്‍ നേട്ടത്തിലെത്തുമ്പോള്‍ 38 വയസും 8 മാസവുമായിരുന്നു ദില്‍ഷന് പ്രായം. നബിയ്ക്ക് 39 വയസും ഒരു മാസവുമാണ് പ്രായം. 2019 മെയ് മുതല്‍ ഐസിസി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ഷാക്കിബ്. 1739 ദിവസമാണ് ഷാക്കിബ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.