നവംബറില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ താന്‍ നഗ്‌നനായി നടക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഓസീസ് ഓപ്പണറായ മാത്യു ഹെയ്ഡന്‍. നവംബര്‍ 21നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയ്ക്ക് തുടക്കമാവുക. ഓസ്‌ട്രേലിയയില്‍ ഇതുവരെ 14 ടെസ്റ്റുകളില്‍ കളിച്ച് 892 റണ്‍സ് നേടാനായിട്ടുണ്ടെങ്കിലും ഇതുവരെയും ഓസീസ് മണ്ണില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ റൂട്ടിന് സാധിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഇത്തവണയും ആഷസില്‍ സെഞ്ചുറി നേടാനായില്ലെങ്കില്‍ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് യൂട്യൂബ് ചാനലായ ഓള്‍ ഓവര്‍ ബാറിന് നല്‍കിയ അഭിമുഖത്തില്‍ ഹെയ്ഡന്‍ പ്രഖ്യാപിച്ചത്. അതേസമയം വീഡിയോ പുറത്തുവന്നതോടെ ജോ റൂട്ട് ദയവായി സെഞ്ചുറി നേടണമെന്ന് വീഡിയോയ്ക്ക് കീഴില്‍ ഹെയ്ഡന്റെ മകളായ ഗ്രേസ് ഹെയ്ഡന്‍ കമന്റ് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ജോ റൂട്ട് 40.46 ശരാശരിയില്‍ 18 അര്‍ധസെഞ്ചുറികളും 4 സെഞ്ചുറികളും അടക്കം 2428 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ ഈ നാല് സെഞ്ചുറികളും ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു.
നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ റണ്‍ വേട്ടക്കാരില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജോ റൂട്ട്. 158 ടെസ്റ്റുകളില്‍ നിന്ന് 13,543 റണ്‍സാണ് റൂട്ടിനുള്ളത്. 39 സെഞ്ചുറികളും റൂട്ടിന്റെ പേരിലുണ്ട്. 2021ന് ശേഷം കളിച്ച 61 ടെസ്റ്റില്‍ നിന്നും 22 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും അടക്കം 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് നേടിയിട്ടുള്ളത്.