ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് പുറത്ത്. 5 വിക്കറ്റുകളുമായി നാശം വിതച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ട് ഇന്നിങ്ങ്‌സിനെ തകര്‍ത്തത്. ആദ്യദിന സ്‌കോറായ 251 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ജോ റൂട്ടിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് താരങ്ങളെയും ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
റൂട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് പിന്നാലെയെത്തിയ ക്രിസ് വോക്‌സിനെയും പുറത്താക്കി ഇംഗ്ലണ്ടിനെ രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജാമി സ്മിത്ത്- ബ്രെയ്ഡന്‍ കാഴ്‌സ് സഖ്യം ഒരു വന്‍ തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റി. 56 പന്തില്‍ നിന്നും 51 റണ്‍സെടുത്ത ജാമി സ്മിത്ത് ടീം സ്‌കോര്‍ 355 റണ്‍സില്‍ നില്‍ക്കെ മടങ്ങിയെങ്കിലും ബ്രെയ്ഡന്‍ കാഴ്‌സ് പത്താമനായാണ് മടങ്ങിയത്. 56 റണ്‍സാണ് താരം നേടിയത്. ഇരുവരുടെയും പ്രതിരോധത്തിന്റെ മികവില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 387 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 74 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.മൊഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ 2 വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.