ഏഷ്യാകപ്പിന് മുന്നോടിയായി കായികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താനായില്ലെങ്കില്‍ മുതിര്‍ന്ന താരങ്ങളായ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യരും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനായേക്കില്ലെന്ന് റിപ്പോര്‍ട്ട്. മധ്യനിരയില്‍ ഇടം ഉറപ്പുള്ള താരങ്ങളാണെങ്കിലും പരിക്കില്‍ നിന്നും തിരിച്ചെത്തുന്ന ഇവര്‍ക്ക് തിരികെ ഫോമില്‍ മടങ്ങിയെത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് സംശയങ്ങളുണ്ട്. ലോകകപ്പിന് മുന്നോടിയായി ഏഷ്യാകപ്പും ഓസ്‌ട്രേലിയക്കെതിരായ 3 ഏകദിനങ്ങളും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പുറമെ ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത്,പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളും നീണ്ട കാലമായി പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. അതിനാല്‍ തന്നെ ലോകകപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ ഇലവനെ ഇറക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ലോകകപ്പിന് മുന്‍പായി നടക്കുന്ന ഏഷ്യാകപ്പില്‍ ലോകകപ്പിനുള്ള ഇലവനെ ഇറക്കാമെന്നാണ് ടീം കണക്കാക്കുന്നത്. ഏഷ്യാകപ്പ് ഈ മാസം 30ന് നടക്കാനിരിക്കെ കെ എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും തിരിച്ചിവരവിന്റെ കാര്യത്തില്‍ ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ഈ സാഹചര്യത്തില്‍ മറ്റ് സാധ്യതകള്‍ കൂടി പരിഗണിച്ചേ ടീം സെലക്ഷന്‍ ഉണ്ടാവുകയുള്ളു.
നിലവില്‍ പരിക്കില്‍ നിന്നും മുക്തനായിരിക്കുന്ന കെ എല്‍ രാഹുല്‍ ചില ദിവസങ്ങളില്‍ ചില പരിശീലനമത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുമെന്നാണ് വിവരം. ഓഗസ്റ്റ് 18ന് രാഹുലിന്റെ കായികക്ഷമതാ പരിശോധന നടന്നേക്കും. ഇതിന് ശേഷമാകും രാഹുലിനെ ടീമില്‍ പരിഗണിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. എന്നാല്‍ ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്നും മുക്തനാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.