ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. മത്സരത്തിന്റെ തുടക്കം തന്നെ മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 80 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്. ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയേയും മുഹമ്മദ് സിറാജിനെയും ഫലപ്രദമായി നേരിടാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായെങ്കിലും രവിചന്ദ്ര അശ്വിനടക്കമുള്ള സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കളി മാറുകയായിരുന്നു.ടീം സ്‌കോര്‍ 55 ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ അശ്വിന്‍ മടക്കി. പിന്നാലെ എത്തിയ ഒലി പോപ്പിനെ ഒരു റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയും പവലിയനിലേയ്ക്ക് അയച്ചു. 20 റണ്‍സെടുത്ത സാക്ക് ക്രൗളി കൂളി മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. രവിചന്ദ്ര അശ്വിനാണ് ഈ വിക്കറ്റ്.
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമാകാതെ 55 റണ്‍സ് എന്ന ഘട്ടത്തില്‍ നിന്നാണ് 60ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണത്. ഇംഗ്ലണ്ടിനായി ബെന്‍ ഡെക്കറ്റ് 39 പന്തില്‍ 35 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടുമാണ് നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.