ന്യൂസിലൻഡിനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആറാടി രോഹിത് ശർമ. ആദ്യ രണ്ട് കളിയിൽ വിചാരിച്ചത്ര തിളങ്ങാൻ രോഹിതിനായില്ല. അപ്പോഴൊക്കെ, കളിയാക്കിയവർക്കുള്ള മറുപടിയാണ് രോഹിത് മൂന്നാം മത്സരത്തിൽ തീർത്തത്.
ഒറ്റയ്ക്ക് പോരാടി ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിച്ചിരിക്കുകയാണ് രോഹിത്. ആദ്യം ഇന്ത്യന്‍ ഇന്നിങ്‌സിലും പിന്നീട് സൂപ്പര്‍ ഓവറിലും രോഹിത് തിളങ്ങി. രോഹിതിന്റെ തോളിലേറി ഇന്ത്യ വിജയക്കുതിപ്പിൽ മുന്നിലെത്തി. കെ എൽ രാഹുലടക്കമുള്ള മറ്റ് താരങ്ങൾ രോഹിത് നയിച്ച വഴിയിലൂടെ പൊരുതിയും കിതച്ചും മുന്നേറി. ചിലർ ഇടയ്ക്ക് വെച്ച് പതറിയെങ്കിലും സൂപ്പർ ഓവറിൽ രോഹിത് വീണ്ടും തിളങ്ങി.
ഇതോടെ രോഹിത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡും മറികടന്നു. ഇന്ത്യൻ ടീമിന്റെ സൂപ്പർ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ രോഹിത് ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ 10,000 റണ്‍സ് തികച്ചു. 219 ഇന്നിങ്‌സിലുകളില്‍നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയിൽ 50 റണ്‍സിലേറെ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനും രോഹിത് തന്നെയാണ്. ഇവിടെയാണ് രോഹിത് സച്ചിനെ പിന്നിലാക്കിയിരിക്കുന്നത്. സച്ചിന് 48.07 ശരാശരിയാണുള്ളത്. ടെണ്ടുല്‍ക്കര്‍ 342 ഇന്നിങ്‌സുകളില്‍നിന്നായി 15,335 റണ്‍സാണ് സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡിനെതിരെ രോഹിത്ത് ടി20യിലെ തന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധശതകവും നേടി. 23 പന്തിലാണ് താരം 50 റണ്‍സ് തികച്ചത്. ഹാമിഷ് ബെന്നറ്റിന്റെ ഓരോവറില്‍ 26 റണ്‍സും രോഹിത് അടിച്ചുകൂട്ടി. നേരത്തെ 22 പന്തില്‍നിന്നും താരം അര്‍ധസെഞ്ച്വറി തികച്ചിരുന്നു. അതിനുശേഷം രണ്ടുതവണ 23 പന്തുകളില്‍ നിന്നായി അര്‍ധശതകം നേടിയിരുന്നു.
സൂപ്പര്‍ ഓവറില്‍ ന്യൂസിലൻഡിന് 17 റൺസാണ് എടുക്കാനായത്. 18 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യ 20ൽ ജയം ഉറപ്പിക്കുകയായിരുന്നു.