ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസീസിനെ 195 റൺസിൽ എറിഞ്ഞിട്ട ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മെൽബണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗർവള്ളിന്റെ(0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഇന്ത്യൻ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ഓസീസിനെ 195 റൺസിൽ തളച്ചത്. ഇന്ത്യക്ക് വേണ്ടി ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുന്ന കാഴ്‌ച്ചയായിരുന്നു രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കാണാനായത്.ആദ്യ 15 ഓവറിനിടെ ഓസീസ് മൂന്നിന് 38 എന്ന നിലയിലേക്ക് ഓസീസ് മാറിയിരുന്നു. പിന്നീടെത്തിയ ലഷുഷാനെ കരുതലോടെയാണ് ഉമേഷ് യാദവ്- ബുമ്ര സഖ്യത്തെ നേരിട്ടത്. എന്നാൽ നായകൻ അജിങ്ക്യ രഹാനെ പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു. ഒരു ഭാഗത്ത് ഏകദിന ശൈലിയിൽ മുന്നേറിയ മാത്യു വെയ്‌ഡിനെ(30) ജഡേജയുടെ കൈകളിൽ ഏൽപ്പിച്ചുകൊണ്ടാണ് നായകന്റെ തീരുമാനം ശരിവെച്ചത്.
മെൽബണിൽ മികച്ച റെക്കോഡുള്ള സ്റ്റീവ് സ്മിത്ത് അശ്വിന്റെ തന്നെ ബോളിൽ പൂജ്യത്തിന് പുറത്തായതോടെ ഓസീസ് അപകടം മണത്തു. മൂന്നിന് 38ലേക്ക് തകര്‍ന്ന ഓസീസിനെ ലബുഷാനെ- ഹെഡ് സഖ്യമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 86 റൺസ് ഇരുവരും കൂട്ടിചേർത്തു. എന്നാൽ ലബുഷനെയെ പുറത്താക്കികൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി.പിന്നീട് ചടങ്ങുകൾ തീർക്കുക മാത്രമെ ഇന്ത്യൻ ബൗളർമാർക്ക് വേണ്ടിയിരുന്നുള്ളു. ലബുഷനെ 48 റൺസ് നേടി.
ഓസീസ് ഉയർത്തിയ 196 എന്ന വിജയലക്ഷ്യം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായി. എന്നാൽ തന്റെ ആദ്യ മത്സരം കളിക്കുന്ന ശുഭ്‌മാൻ ഗിൽ അവസരത്തിനൊത്ത് ഉയർന്നു. ഇതിനിടെ താരം പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഗില്‍ നല്‍കിയ ഒരു അവസരം സ്ലിപ്പില്‍ മര്‍നസ് ലബുഷാനെ നഷ്ടപ്പെടുത്തി. 28 റൺസുമായി ശുഭ്‌മാൻ ഗില്ലും 7 റൺസോടെ പൂജാരയുമാണ് ക്രീസിലുള്ളത്.