ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ പരാജയത്തോടെ പ്രതിസന്ധിയിലായി ടീം ഇന്ത്യ. ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ടതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും മികച്ച മാർജിനിൽ വിജയിക്കണമെന്ന അവസ്ഥയിലാണ് ടീം. ടൂർണമെൻ്റിലെ മികച്ച ടീമുകളിലൊന്ന് എന്ന് പേരെടുത്ത അഫ്ഗാനും അവസാന രണ്ട് മത്സരങ്ങളിൽ മികച്ച ടീം ഗെയിം കാഴ്ചവെച്ച ശ്രീലങ്കയുമാണ് ഏഷ്യാക്കപ്പിലെ ഇന്ത്യയുടെ അടുത്ത എതിരാളികൾ.
നാലു ടീമുകളിൽ ഏറ്റവും കൂടുതൽ പോയൻ്റുകളുള്ള 2 ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക. വിജയത്തോടെ പാകിസ്ഥാൻ തങ്ങളുടെ നില ഭദ്രമാക്കിയപ്പോൾ വിജയത്തോടൊപ്പം മികച്ച റൺ റേറ്റ് കൂടി ഇന്ത്യയ്ക്ക് ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. അഫ്ഗാനിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയാൽ അഫ്ഗാൻ ടൂർണമെൻ്റിൽ നിന്നും പുറത്തുപോകും. അതിനാൽ അഫ്ഗാന് ജീവന്മരണ പോരാട്ടമാകും ഇന്ത്യയ്ക്കെതിരായ മത്സരം
അഫ്ഗാനിസ്ഥാൻ പുറത്തായാൽ ശ്രീലങ്ക പാകിസ്ഥാൻ മത്സരം ഇന്ത്യയ്ക്ക് നിർണായകമാകും. ഇന്ത്യ അഫ്ഗാനെയും ശ്രീലങ്കയേയും തോൽപ്പിക്കുകയും പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. എന്നാൽ ശ്രീലങ്കയാണ് പാകിസ്ഥാനെതിരെ വിജയിക്കുന്നതെങ്കിൽ റൺ റേറ്റ് അടിസ്ഥാനത്തിലാകും ഫൈനലിസ്റ്റുകളെ തിരെഞ്ഞെടുക്കുക.
അതിനാൽ തന്നെ രണ്ട് മത്സരങ്ങളും വിജയിക്കുക മാത്രമല്ല മികച്ച മാർജിനിൽ വിജയിക്കണമെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. നിലവിൽ -0.126 ആണ് ഇന്ത്യയുടെ റൺറേറ്റ്. ശ്രീലങ്കയുടേേത് 0.589ഉം പാകിസ്ഥാൻ്റേത് 0.126ഉം ആണ്.