ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിൻ്റെ പേരിൽ യുവപേസർ അർഷദീപ് സിംഗിനെതിരെ വലിയ സൈബർ അക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. താരത്തിൻ്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖലിസ്ഥാൻ ബന്ധം കൂട്ടിചേർത്ത സംഭവത്തിൽ നേരിട്ട് ഇടപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഐടി മന്ത്രാലയം. സംഭവത്തിൽ വിക്കിപീഡിയ ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി.
അർഷദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം അതിരുകടക്കുകയും താരത്തിൻ്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അർഷദീപിൻ്റെ വിക്കിപീഡിയ പേജിൽ എഡിറ്റ് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പേജിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയ പലയിടത്തും ഖലിസ്ഥാൻ എന്നാക്കുകയായിരുന്നു. ഈ മാറ്റങ്ങൾ 15 മിനിറ്റിന് ശേഷം ഇല്ലാാതാക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വിക്കിപീഡിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഐടി മന്ത്രാലയം വിക്കിപീഡിയക്ക് ഔദ്യോഗികമായി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തെറ്റായ വാർത്ത പരത്തി രാജ്യത്തിൻ്റെ മതസൗഹാർദ്ദം തകർക്കാനും അർഷദീപിൻ്റെ കുടുംബത്തിൻ്റെ സുരക്ഷയെ ബാധിക്കാനും ഇക്കാര്യം കാരണമാകുമെന്ന് കേന്ദ്രം കരുതുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിക്കിപീഡിയയിൽ ആർക്ക് വേണമെങ്കിലും വിവരങ്ങൾ എഡിറ്റ് ചെയ്യാനും വിവരങ്ങൾ കൂട്ടിചേർക്കാനും സാധിക്കും. പക്ഷേ കർശനമായ ലോഗിങ് മെക്കാനിസമാണ് കമ്പനി പിന്തുടരുന്നത്. 2020 നവംബറിൽ അക്‌സായ് ചിൻ പ്രവിശ്യ ചൈനയുടേതായി കാണിച്ചതിൻ്റെ പേരിൽ കേന്ദ്രം വിക്കിപീഡിയക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.