ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ തോൽവി യുവതാരമായ ആർഷദീപ് സിംഗിൻ്റെ ഫീൽഡിലെ പിഴവിനെ തുടർന്നായിരുന്നു എന്ന പേരിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ആക്രമണമാണ് നേരിടുന്നത്. നിർണായകമായ ക്യാച്ച് കൈവിട്ട താരത്തെ ഇനി ഇന്ത്യൻ ടീമികൾ കളിപ്പിക്കരുതെന്നും ആർഷദീപ് ഖലിസ്ഥാനിയാണെന്നും പറഞ്ഞ് ഒരു വിഭാഗം ആക്ഷേപിക്കുന്നു. താരത്തിനെതിരെയുള്ള സൈബർ ആക്രമണം ശക്തമാകുമ്പോൾ താരത്തെ ചേർത്ത് പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി.
സമ്മർദ്ദഘട്ടതിൽ ആർക്കും തെറ്റുകൾ വരാം. കടൂത്ത സമ്മർദ്ദമുള്ള മത്സരമായിരുന്നു അത്. അതിനാൽ തെറ്റുകൾ വരാം. എൻ്റെ ആദ്യ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ കളിച്ചത് ഞാൻ ഓർക്കുന്നു. അന്ന് അഫ്രീദിക്കെതിരെ വളരെ മോശം ഷോട്ട് ഞാൻ കളിച്ചു. എനിക്കന്ന് രാത്രി ഉറങ്ങാനായില്ല. സീലിങ് നോക്കി രാവിലെ അഞ്ച് മണിവരെ ഞാൻ കിടന്നു. എൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതി.
ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. നിനക്ക് ചുറ്റും മുതിര്‍ന്ന താരങ്ങളുണ്ട്. ടീം അന്തരീക്ഷവും കൊള്ളാം. ക്യാപ്റ്റനും കോച്ചിനുമാണ് ഈ ക്രഡിറ്റ് നല്‍കുന്നത്. താരങ്ങള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കും. തെറ്റുകൾ അംഗീകരിക്കുകയും സമാനമായ സമ്മർദ്ദം വരുമ്പോൾ അതെങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുകയുമാണ് വേണ്ടത്. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു.
മത്സരത്തിൽ രവി ബിഷ്ണോയ് 18ആം ഓവർ എറിയുമ്പോൾ പാകിസ്ഥാന് വിജയിക്കാൻ 34 റൺസാണ് വേണ്ടിയിരുന്നത്.ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. മൂന്നാം പന്തില്‍ ആസിഫ് എഡ്‌ജായപ്പോള്‍ അനായാസം എന്ന് തോന്നിച്ച ക്യാച്ച് അര്‍ഷദീപ് വിട്ടുകളയുകയായിരുന്നു. തുടർന്ന് അടുത്ത ഓവറിൽ ഇരുതാരങ്ങളും മത്സരം ഇന്ത്യയിൽ നിന്ന് കൈക്കലാക്കുകയും ചെയ്തു.ഈ സമ്മർദത്തിനിടെയിലും അവസാന ഓവറിൽ 7 റൺസ് പ്രതിരോധിക്കാൻ എത്തിയ ആർഷദീപ് അഞ്ചാം പന്ത് വരെ മത്സരം വൈകിപ്പിക്കുകയും ചെയ്തിരുന്നു.