India Champions vs South Africa Champions: ഡിവില്ലിയേഴ്‌സിന്റെ ചൂടറിഞ്ഞ് ഇന്ത്യ; സൗത്താഫ്രിക്ക ചാംപ്യന്‍സിനോടു തോല്‍വി
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി
India Champions vs South Africa Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റ് ഇന്ത്യ. അവസാന മിനിറ്റില്‍ മഴ കളി തടസപ്പെടുത്തിയെങ്കിലും ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം 88 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് ജയം ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.
എ.ബി.ഡിവില്ലിയേഴ്‌സ് ആണ് കളിയിലെ താരം. 30 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 63 റണ്‍സ് നേടി. ജെജെ സ്മട്ട്‌സ് (17 പന്തില്‍ 30), ജെ റുഡോള്‍ഫ് (20 പന്തില്‍ 24), ഹാഷിം അംല (19 പന്തില്‍ 22) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.
39 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന 11 പന്തില്‍ 16 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ (രണ്ട്), ശിഖര്‍ ധവാന്‍ (ഒന്ന്), അമ്പാട്ടി റായിഡു (പൂജ്യം) യൂസഫ് പത്താന്‍ (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.